റോഡ് നിറയെ മെറ്റൽകൂന : വഴി അടഞ്ഞു, അപകടകരവും
1512774
Monday, February 10, 2025 5:52 AM IST
പേരൂര്‍ക്കട: റോഡിന്റെ അറ്റകുറ്റപ്പണിക്കുവേണ്ടി മെറ്റലുകള്‍ ഇറക്കിയിട്ടിരിക്കുന്നത് വാഹനയാത്രികര്‍ക്കും വഴിയാത്രികര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. നെട്ടയം സോണല്‍ ഓഫീസ് ജംഗ്ഷനില്‍ നിന്ന് മണലയം വഴി മലമുകള്‍ ജംഗ്ഷന് വരെ നീളുന്ന മൂന്നു കിലോമീറ്ററിലേറെ വരുന്ന റോഡ് ടാര്‍ ചെയ്യുന്നതിനാണ് ദിവസങ്ങള്‍ക്കു മുമ്പ് മെറ്റലുകള്‍ ഇറക്കിയിട്ടത്. അഞ്ചുകോടി രൂപയാണ് ഓടയുടെ പണി ഉള്‍പ്പെടെ ചെയ്യുന്നതിന് വകയിരുത്തിയിരിക്കുന്നത്.
പിഡബ്ല്യുഡി റോഡാണ് ഇത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്കരമാകുകയും പരാതികള്‍ ഉയരുകയും ചെയ്തതോടെയാണ് അവിടവിടെയായി മെറ്റലുകള്‍ ഇറക്കിയത്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും കടന്നുപോകുന്ന റോഡാണിത്. മെറ്റലുകള്‍ തോന്നുംപടി ഇറക്കിയതോടെ റോഡിന്റെ പകുതിയിലേറെ ഭാഗം മെറ്റലുകള്‍ നിറഞ്ഞ് കിടക്കുകയാണ്.
കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്കും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്കും ഇത് ഏറെ യാത്രാദുരിതം സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ വന്‍ അപകടങ്ങള്‍ക്കും മെറ്റല്‍ക്കൂന ഇടയാക്കും. വിഷയം അധികൃതരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും എത്രയും വേഗം മെറ്റലുകള്‍ നീക്കുമെന്നാണു പ്രതീക്ഷയെന്നും കാച്ചാണി വാര്‍ഡ് കൗണ്‍സിലര്‍ പി. രമ പറഞ്ഞു.