റാബിസ് ഫ്രീ കേരളം പദ്ധതി; കല്ലുവാതുക്കൽ പഞ്ചായത്തിൽ തുടക്കം
1512760
Monday, February 10, 2025 5:36 AM IST
കൊല്ലം: തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന റാബിസ് ഫ്രീ കേരളം പദ്ധതിക്ക് ജില്ലയിൽ കല്ലുവാതുക്കൽ പഞ്ചായത്തിൽ തുടക്കം.
ജില്ലാ പഞ്ചായത്തിന്റെയും ‘കാവ’ - മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത സംരംഭമാണിത്. കല്ലുവാതുക്കൽ പഞ്ചായത്തിലെ 23 വാർഡുകളിലും തെരുവ് നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകി. ജില്ലയിലെ 76 പഞ്ചായത്തുകളിലെയും തെരുവ് നായ്ക്കൾക്ക് പദ്ധതിയുടെ ഭാഗമായി പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകും.
ഇത്തിക്കര ബ്ലോക്കിലെ ചാത്തന്നൂർ, പൂതക്കുളം, ചിറക്കര, ആദിച്ചനല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലേക്ക് പദ്ധതി തുടർന്ന് വ്യാപിപ്പിക്കും.
കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ‘കാവ’ എന്ന സംഘടന വഴിയാണ് പദ്ധതി സർക്കാർ നടപ്പാക്കുക. ഓരോ പഞ്ചായത്തിലും നാല് ഡോഗ് കാച്ചർമാർ ഉൾപ്പെട്ട ഏഴംഗ ടീമിനാണ് ചുമതല. പ്രത്യേക സോഫ്റ്റ്വെയറിലൂടെ നായകളുടെ വിവരങ്ങളും നൽകും.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കല്ലുവാതുക്കൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡി. സുഭദ്രാമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ബൈജു ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് അംഗം എ.ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനിത രാജീവ്, സരിത പ്രതാപ്, മൃഗസംരക്ഷണ ഓഫീസർ ഡോ. എ.എൽ. അജിത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി. ഷൈൻ കുമാർ, ഡോ. ഷീബ പി. ബേബി, ഡോ.എസ്. ഷീജ, ഡോ. കെ.ജി. പ്രദീപ്, എസ്.എൻ. അജിത് എന്നിവർ പ്രസംഗിച്ചു.