ആശ്രാമം മൈതാനത്തെ ചിത്രരചന സമാപിച്ചു
1512757
Monday, February 10, 2025 5:36 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമത്ത് എക്സിബിഷൻ കമ്മിറ്റി സംഘടിപ്പിച്ച ചിത്രരചന സമാപിച്ചു. സമാപനസമ്മേളനം സംസ്ഥാന സമ്മേളന സംഘാടക സമിതി ജനറൽ കൺവീനർ എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു.
എക്സിബിഷൻ കമ്മിറ്റി കൺവീനർ എസ്.എൽ. സജികുമാർ അധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, വി.കെ. അനിരുദ്ധൻ, ചിത്രകാരൻ എസ്. ഷിജിത്ത്, സുഗതകുമാരി എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ദിവസം ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ആണ് ചിത്രരചന ഉദ്ഘാടനം ചെയ്തത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. രാജഗോപാൽ, ജെ. മേഴ്സിക്കുട്ടിയമ്മ, ബി. തുളസീധരക്കുറുപ്പ് എന്നിവർ ഉൾപ്പടെ ചിത്രരചന കാണാനെത്തിയിരുന്നു.
പ്രദേശ വാസികൾക്കും ചിത്രകലാ ആസ്വാദകർക്കും കലാകാരൻമാർക്കും ഹൃദ്യമായ ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ചിത്രരചന അവസാനിച്ചത്. മാർച്ച് ആറു മുതൽ ഒന്പതുവരെ വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കും.