പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം രാജിവച്ചു
1513067
Tuesday, February 11, 2025 5:40 AM IST
കൊല്ലം: കൊല്ലം കോര്പ്പറേഷന് മേയര്‍ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് സ്ഥാനം രാജിവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിൽ രാജി പ്രഖ്യാപിച്ചശേഷം സെക്രട്ടറിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.
ഇടതുമുന്നണിയിലെ മുന്‍ധാരണ പ്രകാരം കോർപറേഷൻ ഭരണസമിതിയുടെ അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു. കാലാവധി പൂര്‍ത്തിയാക്കിയിട്ടും മേയര്‍ രാജിവയ്ക്കാതായതോടെ പ്രതിഷേധ സൂചകമായി സിപിഐ പ്രതിനിധികളായ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സജീവ് സോമന്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സവിതാ ദേവി എന്നിവര്‍ കഴിഞ്ഞ അഞ്ചിന് രാജിവച്ചിരുന്നു. ഇന്നലെ നടന്ന കോര്പറേഷന് കൗണ്‍സിൽ യോഗത്തിലും ഇവര്‍ പങ്കെടുത്തില്ല.
അതേസമയം, മേയര്‍ രാജിവച്ചാല്‍, അടുത്ത മേയറെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി മേയര്‍ക്കാണ് ഭരണച്ചുമതല. എന്നാല്‍ മേയറുടെ രാജിപ്രഖ്യാപനം വന്നതോടെ കോര്‍പറേഷനില്‍ ഭരണച്ചുമതലയുള്ള മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സ്ഥിതിയായി.
ഇതോടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിപിഎമ്മിലെ എസ്. ഗീതാകുമാരിക്കാണ് നിലവില്‍ ഇരുവരുടെയും താല്‍ക്കാലിക ചുമതല. മേയറുടെ രാജിയെത്തുടര്‍ന്ന്, അടുത്ത മേയര്‍, ഡെപ്യൂട്ടി മേയര്‍ ആരാണെന്നത് സംബന്ധിച്ച് സിപിഐയും സിപിഎമ്മും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
മുന്നണി ധാരണ പ്രകാരം മാസങ്ങള്‍ക്കു മുന്‍പേ മേയര്‍സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കാന്‍ തയാറായില്ല. സിപിഐ ഡെപ്യൂട്ടി മേയർ സ്ഥാനവും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും രാജിവച്ചതോടെയാണ് സിപിഎം വിഷയം ഗൗരവമായെടുത്തത്.
കോർപറേഷനുമായി ബന്ധപ്പെട്ട ചില പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി അടക്കമുള്ളവരെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. അതിനു ശേഷം രാജി എന്ന നിലപാടാണ് സിപിഎം നേതൃത്വം തീരുമാനിച്ചത്.