എക്സൈസ് സംഘത്തെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
1512753
Monday, February 10, 2025 5:36 AM IST
കൊല്ലം: പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നാലു പേരെ റിമാൻഡ് ചെയ്തു. പന്മന ഇടപ്പള്ളിക്കോട്ട വട്ടക്കായൽ തീരത്തെ ടൂറിസം മേഖല കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വർധിച്ചതായുള്ള പരാതി അന്വേഷിക്കാനാണ് എക്സൈസ് എത്തിയത്.
പന്മന പോരൂക്കര സ്വദേശികളായ സലിം മൻസിൽ അൽഅമീൻ (18), റഹിം മൻസിൽ എൻ. സിനാൻ (21), സഹോദരൻ എൻ. നിഹാൻ (23), ഇടവനിയത്തിൽ എൻ. നിഹാസ് (24) എന്നിവരാണ് പിടിയിലായത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ലതീശൻ, അസി. ഇൻസ്പെക്ടർ കെ.വി.എബിമോൻ, അസി. ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ മനാഫ്, വനിതാ ഉദ്യോഗസ്ഥയായ ശ്രീപ്രിയ, സിവിൽ ഓഫീസർമാരായ ഹരിപ്രസാദ്, ജിനു തങ്കച്ചൻ, കിഷോർ എന്നിവർ അടങ്ങിയ സംഘത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
പന്മന ഇടപ്പള്ളിക്കോട്ട വട്ടക്കായൽ തീരത്തെ ടൂറിസം കേന്ദ്രത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തെ യുവാക്കൾ ആക്രമിച്ചത്. യുവാക്കളോട് വിവരങ്ങൾ ചോദിച്ചറിയുന്നതിടെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ചവറയിൽ നിന്ന് കൂടുതൽ പോലീസ് എത്തിയാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.
മർദനത്തിൽ പരിക്കേറ്റ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ലതീശനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ കൊട്ടുകാട്ടിൽ നിന്നു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചയാളും പിടിയിലായ കൂട്ടത്തിൽ ഉണ്ട്.
എസ്ഐമാരായ എം. അനീഷ്കുമാർ, ബി. ഓമനക്കുട്ടൻ, എഎസ്ഐ ഗോപൻ, സിപിഒ ശങ്കർ എന്നിവരടങ്ങിയ സംഘമാണ് അക്രമി സംഘത്തെ അറസ്റ്റ് ചെയ്തത്.