ബജറ്റ് അവഗണിച്ചെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1512777
Monday, February 10, 2025 5:52 AM IST
വിഴിഞ്ഞം: സംസ്ഥാന ബജറ്റ് മത്സ്യമേഖലയെ പൂർണമായും അവഗണിച്ചതായി കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ.
മത്സ്യത്തെഴിലാളികളുടെ പേരിൽ ബജറ്റിൽ നീക്കിവച്ച പണം മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കാത്തതാണെന്നും ഫെഡറേഷൻ താലൂക്ക് സെക്രട്ടറി അടിമലത്തുറ ഡി. ക്രിസ്തുദാസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ സന്പത്തിൽ ഉണ്ടാവുന്ന കുറവ് പരിഹരിക്കാൻ ബജറ്റിൽ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. ഇന്ധനവില വർധനവിൽ നിന്ന് മത്സ്യമേഖലയെ രക്ഷിക്കാൻ സബ്സിഡിയില്ല.
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യസത്തിനും, വനിതാ ശാക്തികരണത്തിനുമായി നീക്കിവച്ച ഒൻപതു കോടി നിലവിലെ ലംപ്സം ഗ്രാന്റ് കുടിശികയ്ക്ക് പോലും തികയില്ല. മത്സ്യത്തൊഴിലാളികളുടെ ഇൻഷ്വറൻസ് പദ്ധതി വിഹിതം പൂർണമായി സർക്കാർ അടയ്ക്കാൻ പദ്ധതിയില്ല.
2.36 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം 11.1.8 കോടി ആയിരുന്നത് ഈ ബജറ്റിൽ 10 കോടി കോടിയായി വെട്ടിക്കുറച്ചതായും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആരോപിച്ചു.