സെന്റ് ജോണ്‍സ് സ്കൂള്‍ ജൂബിലി സെമിനാര്‍ പരമ്പരയ്ക്ക് തുടക്കം
1497076
Tuesday, January 21, 2025 6:06 AM IST
അഞ്ചല്‍: സെന്റ് ജോണ്‍സ് സ്കൂള്‍ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സെമിനാര്‍ പരമ്പരയ്ക്ക് തുടക്കമായി. പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ആദ്യ പ്രഭാഷണം നടത്തി.
വിവിധ സെഷനുകളില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, മാധ്യമ പ്രവര്ത്തകന് വിനു വി. ജോണ്‍, റിട്ട. പ്രിന്‍സിപ്പല്‍മാരായ ഡോ. റൂബിള്‍ രാജ്, ഡോ. കെ.വി. തോമസ് കുട്ടി, സാഹിത്യ രംഗത്തുനിന്ന് അനീഷ് കെ. അയിലറ, റെനി ആന്റണി, തുളസി കോട്ടുക്കല്‍ എന്നിവര്‍ കുട്ടികളുമായി ആശയ സംവാദം നടത്തി.
ഇന്ന് രാവിലെ 10 ന് ഒരേ സമയം രണ്ട് സെഷനുകള്‍ നടക്കും. മാധ്യമ പ്രവര്‍ത്തകരായ സണ്ണിക്കുട്ടി ഏബ്രഹാം, ബോബി ഏബ്രഹാം, ജയചന്ദ്രന് ഇലങ്കത്ത് എന്നിവര്‍ ഒരു സെഷനിലും ചലച്ചിത്ര സംവിധായകരായ മധുപാല്‍, വിധു വിന്‍സന്റ് , ജി.ആര്. ഇന്ദുഗോപന് എന്നിവര്‍ രണ്ടാമത്തെ സെഷനിലും പ്രഭാഷണം നടത്തും. 11.30 ന് കൊല്ലം ജില്ലാ റൂറല്‍ എസ്പി സാബു മാത്യു കെ.എം. ജോണ്സണ് ഇടയാറന്മുള, ഡോ. ജോളി കെ. ജയിംസ് എന്നിവര്‍ പ്രസംഗിക്കും. നാളെ നടക്കുന്ന മൂന്ന് സെഷനുകളില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ പേഴ്സണല്‍ മാനേജര്‍ ലിപിന്‍ രാജ്, ജ്യോതി വിജയകുമാര്‍, മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജി. ഗോപകുമാര്‍, കാര്യവട്ടം കാമ്പസ് ഡയറക്ടര്‍ ഡോ. ജോസ്കുട്ടി സി.എ, സാമൂഹ്യ പ്രവര്‍ത്തകരായ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്ത്, പുനലൂര്‍ സോമരാജന്, കലയപുരം ജോസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും. സെമിനാര്‍ പരമ്പര 27 ന് സമാപിക്കും. രണ്ട് ദിവസത്തെ കുട്ടികള്‍ക്കുള്ള ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും.