പോലീസ് സ്റ്റേഷൻ നവീകരണത്തിനു ബജറ്റിൽ തുക വകയിരുത്തണം
1497392
Wednesday, January 22, 2025 6:44 AM IST
ചാത്തന്നൂർ: പോലീസ് സ്റ്റേഷന്റെ നവീകരണത്തിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് ചാത്തന്നൂർ സിറ്റിസൺസ് ഫാറം മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദേശീയ പാതാ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വന്നതോടെ ദേശീയപാതയോടു ചേർന്നുള്ള പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽപൊളിച്ചു മാറ്റേണ്ടി വന്നു. ചുറ്റുമതിൽ പൊളിച്ചുമാറ്റിയതോടെ സ്റ്റേഷൻ പറമ്പിലേക്ക് പ്രവേശിക്കാനുള്ള വഴിയും തൊണ്ടി മുതലുകൾ സൂക്ഷിക്കാനുള്ള സൗകാര്യങ്ങളുമാണ് നഷ്ടമായത്.
ബാക്കി വരുന്നതും പോലീസ് സ്റ്റേഷന് സ്വന്തമായുള്ളതുമായ ഒന്നര ഏക്കറോളം സ്ഥലം തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്നതിനും ആവശ്യമായ ക്വാട്ടേഴ്സുകൾ നിർമിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്തണമെന്നും അതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് സിറ്റിസൺസ് ഫാറം പ്രസിഡന്റ്് ജി. ദിവാകരൻ അറിയിച്ചു.