സിപിഎം സംസ്ഥാന സമ്മേളനം വിളംബരമായി വാക്കത്തൺ
1497396
Wednesday, January 22, 2025 6:44 AM IST
കൊല്ലം : സിപി എം സംസ്ഥാന സമ്മേളന വിളംബരമായി വാക്കത്തൺ. ദേശീയ, സംസ്ഥാനതാരങ്ങൾ വരെ അണിനിരന്ന വാക്കത്തോൺ കൊല്ലം നഗരവീഥിയെ ആവേശത്തിലാക്കി. ഒളിമ്പ്യന്മാരും അന്തർദേശീയ കായികപ്രതിഭകളും കായിക മേഖലയിലെ ജില്ലയുടെ ഭാവി വാഗ്ദാനങ്ങളും ബഹുജനങ്ങളും പങ്കാളികളായി. മന്ത്രി വി .അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. 1500 അടി നീളമുള്ള ബാനറിൽ നാടിന്റെ യശസ് ഉയർത്തിയ താരങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തത് ശ്രദ്ധേയമായി.
എസ് എൻ കോളജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബോടു കൂടി ആയിരുന്നു വാക്കത്തോണിന്റെ തുടക്കം. ജില്ലാപഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്ന് ആരംഭിച്ച വാക്കത്തോണിന് ബാൻഡ് മേളം, റോളർ സ്കേറ്റിങ്, ബുള്ളറ്റ് റൈഡ് എന്നിവയും അകമ്പടിയായി. ചിന്നക്കട ബസ് ബേയിൽ സമാപിച്ചു.
സമാപന സമ്മേളനത്തിൽ ഒളിമ്പ്യന്മാരെയും മറ്റു കായിക പ്രതിഭകളെയും മന്ത്രി കെ. എൻ .ബാലഗോപാൽ ആദരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ എസ് .സുദേവൻ അധ്യക്ഷനായി. സ്പോർട്സ് കമ്മിറ്റി കൺവീനർ ആർ .ബിജു ,ഒളിമ്പ്യൻ മുഹമ്മദ് അനസ്, മുൻ ഇന്ത്യൻ താരം അജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് എന്നിവർ പ്രസംഗിച്ചു.