മന്ത്രി ഇടപെട്ടു; പ്രഭാകുമാരിക്ക് വീടും പറമ്പും നഷ്ടമാകില്ല
1497426
Wednesday, January 22, 2025 6:55 AM IST
വെമ്പായം: മന്ത്രി ഇടപെട്ടു, പ്രഭാകുമാരിക്കു വീടും പറമ്പും നഷ്ടമാകില്ല. നെടുമങ്ങാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ നടപടികളെ തുടർന്നു വീടുപൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി ജി.ആർ. അനിൽ പിന്തുണ അറിയിക്കുകയും വിഷയം ഗ്രീൻ മർച്ചന്റ് അസോസിയേഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണു കുടുംബത്തിനു സാമ്പത്തിക സഹായം നൽകാനുള്ള സന്നദ്ധത അസോ സിയേഷൻ മന്ത്രിയെ അറിയിക്കുകയായിരുന്നു.
ജപ്തി നടപടികൾ ഒഴിവാക്കുന്നതിനുള്ള 2,16,215 രൂപയുടെ ചെക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ ഗ്രീൻ മർച്ചന്റ് അസോസിയേഷൻ പ്രസിഡനന്റ് പോൾ രാജ് എന്നിവർ ചേർന്ന് പ്രഭാകുമാരിക്കു കൈമാറി. ജപ്തി നടപടികളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കുടുംബങ്ങളെ തെരുവിലിറക്കുന്ന സമീപനം സ്വീകരിക്കരുതെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
മാനുഷിക നിലപാട് സ്വീകരിച്ച് അർഹമായ സാവകാശം ഉപഭോക്താക്കൾക്ക് നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു. വീട് നഷ്ടപ്പെട്ട് നിസ്സഹായരായ അവസ്ഥയിൽ സഹായത്തിനായി മുൻകൈയെടുത്ത മന്ത്രിക്കും പൊതു പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി പ്രഭാകുമാരി പറഞ്ഞു.
85 വയസുള്ള അമ്മയും ശാരീരിക വിഷമതയുള്ള ഭർത്താവുമായി അഞ്ച് സെന്റിലെ ഒറ്റ മുറിയിൽ ജീവിക്കുന്ന സാഹചര്യത്തിലാണ് ജപ്തി നടപടികളുണ്ടായത്. അമ്മ യശോദയ്ക്കും ഭർത്താവ് സജിമോനുമൊപ്പമാണു പ്രഭാകുമാരി സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലെത്തി ചെക്ക് സ്വീകരിച്ചത്.