വീടെന്ന സ്വപ്നം ബാക്കിയാക്കി പ്രദീപ് വിടവാങ്ങി
1497393
Wednesday, January 22, 2025 6:44 AM IST
കൊട്ടാരക്കര: സുമനസുകളുടെ കാരുണ്യത്തിൽ വീട് നിർമാണം നടന്നുകൊണ്ടിരിക്കെ വാളകം പാലക്കുടി ചരിവിള വീട്ടിൽ പ്രദീപ് (28) അരങ്ങൊഴിഞ്ഞു. പ്രദീപിന് വീടൊരുങ്ങുന്നത് ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
കാൻസർ രോഗിയായിരുന്നു പ്രദീപ്.ഒരു കാൽ പൂർണമായി മുറിച്ചു മാറ്റപ്പെട്ടിരുന്നു.പ്രദീപും വൃദ്ധമാതാവ് ചെല്ലമ്മയും ഒരുമിച്ചായിരുന്നു താമസം. ഇവർക്ക് സ്വന്തമായി വസ്തുവോ വീടോ ഇല്ല.പ്രദീപിനും അമ്മയ്ക്കും മറ്റ് ജോലികൾ ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നില്ല. അർധ പട്ടിണിയിലായിരുന്നു ജീവിതം.
ഇവരുടെ ദുരവസ്ഥ മനസിലാക്കിയ വാളകം തേജസ് ചാരിറ്റബിൾ സൊസൈറ്റിയും പ്രസിഡന്റ് അലക്സ് മാമ്പുഴയാണ് വീടുനിർമാണത്തിന് മുൻകൈയെടുത്തത്.ഇതിനായ് അഞ്ച് സെന്റ് ഭൂമി പ്രദീപിന്റെ പേരിൽ വിലക്കു വാങ്ങി. സുമനസുകളുടെ സഹായത്താൽ വിട് നിർമാണം പുരോഗമിച്ചുവരവെയാണ് പെട്ടെന്നുള്ള മരണം.
വീട് നിർമാണം പൂർത്തീകരിച്ച് അമ്മ ചെല്ലമ്മയ്ക്കു കൈമാറുമെന്ന് അലക്സ് മാമ്പുഴ അറിയിച്ചു. പ്രദീപിന്റെ സംസ്കാരം ഇന്നലെ വൈകുന്നേരം നടന്നു.