അനധികൃത ഗ്യാസ് നിറയ്ക്കൽ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്
1497418
Wednesday, January 22, 2025 6:55 AM IST
കൊല്ലം : ചിതറയില്‍ വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ചിരുന്ന 172 ഗ്യാസ് സിലിണ്ടറുകളാണ് പോലീസ് പിടികൂടിയത്. കൂടാതെ ഗ്യാസ് സിലിണ്ടറുകളില്‍ നിറയ്ക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. ചിതറ കല്ലുവെട്ടാന്കുഴിയ്ക്ക് സമീപം വാടക വീട്ടിലാണ് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
സംഭവത്തില്‍ മൂന്ന് പേര് പോലീസിന്റെ പിടിയിലായി. ചിതറ കല്ലുവെട്ടാംകുഴി സ്വദേശി മനോജ്, മകന് പൃജിത്ത്, പെണ്‍സുഹൃത്ത് സുഹറ എന്നിവരാണ് പിടിയിലായത്. ഗ്യാസ് ഫില്ലിങിന് ഉപയോഗിക്കുന്ന മൂന്നുമോട്ടോറുകളും, ഗ്യാസ് കടത്താന്‍ ഉപയോഗിച്ച വാഹനവും, വ്യാജ സീലുകളും പോലീസ് പിടിച്ചെടുത്തു.
ഗാര്‍ഹിക സിലിണ്ടറുകള്‍ എത്തിച്ച് ഉപകരണങ്ങളുടെ സഹായത്തോടെ വാണിജ്യ സിലിണ്ടറുകളില്‍ നിറച്ചു അനധികൃതമായി ഹോട്ടലുകളിലും ചായക്കടകളിലും വിതരണം ചെയ്ത് വരികയായിരുന്നു.
വന്‍തോതില്‍ സിലിണ്ടറുകള്‍ ഇവര്‍ക്ക് എത്തിക്കുന്നതിന് പിന്നില്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകള്‍ ഇവിടേക്ക് എത്തിച്ചേരുന്ന രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിദിനം നൂറോളം സിലിണ്ടറുകളാണ് സംഘം ഇവിടെ നിന്ന് നിറച്ച് വില്‍പ്പന നടത്തിയിരുന്നത്.
ഭരണാനുമതി ലഭിച്ചു
പുനലൂര്‍: പുനലൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ആറ് കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി.എസ്. സുപാല്‍ എംഎല്‍എ അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലുമായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തുക അനുവദിച്ചിട്ടുള്ളത്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് എംഎല്‍എ അറിയിച്ചു.