ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം ഉയരുന്നു: ദുരൂഹതയും...
1497424
Wednesday, January 22, 2025 6:55 AM IST
പാറശാല: കരമന കളിയിക്കാവിള ദേശീയപാതയായ ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ മാസങ്ങളായി ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. പരിസരത്തു മോഷണ പരമ്പരയും ഏറി വരുന്നതായി നാട്ടുകാര്‍.
രണ്ടുമാസത്തിന് മുമ്പ് ഉദിയന്‍കുളങ്ങര ഇലങ്കം റോഡില്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ബൈക്ക് വീട്ടുമുറ്റത്തുനിന്നും രണ്ടു യുവാക്കള്‍ കവര്‍ന്നെടുത്തു. വാഹനം 200 മീറ്ററോളം അകലെയുള്ള ധനുവച്ചപുരം റെയില്‍വേ പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ടൂവീലര്‍ ഷോപ്പില്‍ കൊണ്ടുപോയി പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറിയ സമയം വാഹനത്തിന്റെ താക്കോല്‍ കളഞ്ഞുപോയെന്നു പറഞ്ഞു ജീവനക്കാരുടെ സഹായത്തോടെ തുറന്നെടുത്ത് യുവാക്കള്‍ രക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ പാറശാല പോലീസില്‍ വാഹന ഉടമ പരാതി നല്കി. മൂന്നു കിലോമീറ്റര്‍ അകലെയായി വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് അമരവിള കണ്ണന്‍കുഴി ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാ ഹനം പിന്നീട് കണ്ടെത്തുകയായിരുന്നു. വാഹനം വിട്ടുകിട്ടാന്‍ പാറശാല പോലീസിനു നല്‍കിയിരുന്ന പരാതിയും ഈ വ്യക്തി പിന്‍വലിക്കുകയുണ്ടായി.
മൂന്നാഴ്ചമുമ്പ് മഞ്ചവിളാകം സ്വദേശിയുടെ യൂണികോണ്‍ ബൈക്ക് മോഷ്ടാക്കള്‍ കവര്‍ന്നെടുത്ത് ഉദിയന്‍കുളങ്ങരയിൽ ഉപേക്ഷിച്ചിരുന്നു. വാഹനം തിരികെ ലഭിച്ചതിനാൽ ഇതിന്റെ ഉടമയും പോലീസിൽനിന്നു പരാതി പിൻവലിച്ചു. ഇപ്പോള്‍ ഈ പരിസരങ്ങളില്‍ ആഴ്ചകളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീണ്ടും മൂന്നോളം ടൂവീലറുകള്‍ റോഡിരികത്തുണ്ട്. ഇതിന്റെ അവകാശികള്‍ ആരെന്നോ ഇതിനു പിന്നില്‍ ആരെന്നോ കണ്ടുപിടിക്കാന്‍ പോലീസിനു നാളിതുവരെ കഴിഞ്ഞിട്ടില്ല.
തമിഴ്നാട് രജിസ്ട്രേഷനിലുള്ളതും, നെയ്യാറ്റിന്‍കര രജിസ്ട്രേഷനിലുള്ളതുമായ വാഹനങ്ങള്‍ രണ്ടെണ്ണം ഇപ്പോഴും ഉദിയന്‍കുളങ്ങര ജംഗ്ഷനു സമീപമുണ്ട്. ഉദിയന്‍കുളങ്ങര നിന്നും രണ്ടു കിലോമീറ്റര്‍ മാത്രമാണ് അമരവിള ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. കലാലയങ്ങള്‍ ഏറെയുള്ള ഈ പ്രദേശത്ത് ലഹരി മാഫിയാസംഘം ലക്ഷ്യം വയ്ക്കുന്നതായിയും സൂചന നിലനില്‍ക്കുകയാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകുന്നതിനുള്ള ദുരൂഹതകളും ഏറുന്നത്.
മാസങ്ങള്‍ക്കുമുമ്പ് പലവകുളങ്ങര ശിവക്ഷേത്രത്തില്‍ മോഷണശ്രമം നടന്നിരുന്നു. സമീപത്തെ ഇലങ്കം ക്ഷേത്രത്തില്‍ രണ്ടുതവണ മോഷണ ശ്രമങ്ങള്‍ നടക്കുകയും ഒരുതവണ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയ സംഭവവും നിലവിലുണ്ട്.
ദേശീയപാതയോരത്തു നിരവധി വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നത്. ഇതിന്റെ മറവില്‍ എന്തൊക്കെയാണു സംഭവിക്കുന്നത് എന്നും വ്യക്തതയില്ല.
പലരുടെയും വാഹനങ്ങള്‍ തിരികെ കിട്ടുമ്പോള്‍ കേസുകള്‍ പിന്‍വലിക്കുന്നത് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹച ര്യമുണ്ടാക്കുന്നുണ്ട്. പല സംഭവങ്ങളിലും പോലീസിന്റെ സമീപ നം കുറ്റവാളികള്‍ക്ക് സഹായകമാക്കുന്നതായി ആക്ഷേപമുണ്ട്.