ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു
1497419
Wednesday, January 22, 2025 6:55 AM IST
അഞ്ചല്‍ : ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു.ജോലിക്കായി പതിവ് പോലെ രാവിലെ എട്ടോടെ അഞ്ചല്‍ ചന്തമുക്കില്‍ എത്തിയ ഇവരെ സമീപിച്ച മലയാളി യുവാവ് ജോലിയുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൈതാടിയില്‍ എത്തിക്കുകയും ഇവിടെ കുറച്ചു സിമന്റ് കട്ടകള്‍ എടുത്തുവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനായി ഇവര്‍ മൊബൈല്‍ ഫോണും 1500 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ അടങ്ങിയ ബാഗ് സമീപത്ത് വയ്ക്കുകയും ജോലി ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ ഇവരെ ജോലിക്കായി കൂട്ടികൊണ്ടുവന്ന യുവാവ് ബാഗ് എടുത്തുകൊണ്ട് മുങ്ങി.
സമീപത്തൊക്കെ തെരഞ്ഞെങ്കിലും ആളെ കണ്ടുകിട്ടാതെയായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ അഞ്ചല്‍ പോലീസില്‍ പരാതി നൽകി.പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അഞ്ചല്‍ പോലീസ്.