യൂത്ത് കോൺഗ്രസ് ഉപരോധസമരം നടത്തി
1497387
Wednesday, January 22, 2025 6:44 AM IST
കൊല്ലം: ദിനംപ്രതി നിരവധി ഇരുചക്ര വാഹനയാത്രികർ അപകടത്തിൽ പെട്ടിട്ടും നഗരത്തിലെ റോഡുകളിലെ മരണ കുഴികൾ താത്കാലികമായി പോലും അടച്ച് മൂടാൻ പിഡബ്ല്യുഡി അധികൃതർ തയാറാവാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെനേതൃത്വത്തിൽപിഡബ്ള്യൂഡി യുടെ കൊല്ലം റോഡ്സ് ഡിവിഷൻ, എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയറുമാരുടെ കാര്യാലയം ഉപരോധിച്ചു.
കഴിഞ്ഞ മഴക്കാലത്താണ് റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത്. അടിയന്തരമായി കുഴികൾ അടയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിട്ടും കുഴികൾ അടച്ചില്ല. നിലവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങളാണ് കാങ്കത്ത് മുക്ക് അപകട മേഖലയിൽ ഇതിനകം നടത്തിയത്. എംഎൽഎ അടക്കമുള്ള അധികാരികൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണെന്ന് യൂത്തു കോൺ ഗ്രസ് നേതാക്കൾ ആരോപിച്ചു.
ഉപരോധത്തെ തുടർന്ന് കാങ്കത്ത് മുക്ക് റോഡിന്റെ കുഴികൾ ഉടൻതന്നെഅടയ്ക്കാമെന്നും ഈഴവ പാലം റോഡ്, ലിങ്ക് റോഡ് എന്നിവയുടെ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കാമെന്നുമുള്ള ഉറപ്പ് രേഖാമൂലം വാങ്ങിക്കൊണ്ട് മൂന്നു മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചു.
എഐസിസി അംഗം ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, നേതാക്കളായ ഫൈസൽ കുളപ്പാടം, ഗീതാകൃഷ്ണൻ, ഹസ്ന ഹർഷാദ്,നവാസ് റഷാദി , അസൈൻ പള്ളിമുക്ക്, പാലത്തറ രാജീവ്, കൗശിക് എം ദാസ്, ഐശ്വര്യ, ആഷിക് ബൈജു, അർഷാദ് മുതിരപ്പറമ്പ്, രമേഷ് കടപ്പാക്കട, ഷമീർ ചാത്തനാംകുളം, രഞ്ജിത്ത് കലിങ്ക്മുഖം ബിനോയിഷാനൂർ, ഷാജി പള്ളിത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസിന് ഉദ്യോഗസ്ഥർ രേഖാമൂലം നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം മുന്നറിയിപ്പ് നൽകി.