പേരയം പ്ലാസ്റ്റിക് സംഭരണ കേന്ദ്രം തീവച്ചവർക്കെതിരേ നടപടി വേണം
1497069
Tuesday, January 21, 2025 5:56 AM IST
കുണ്ടറ: പേരയം പഞ്ചായത്തിന്റെ വകയായ പേരയം മാർക്കറ്റിൽപ്രവർത്തിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രംതീ വച്ചു നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ കുണ്ടറ പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ പ്ലാസ്റ്റിക്സംഭരണ കേന്ദ്രത്തിന് തീവച്ചത്. കുണ്ടറയിൽ നിന്ന് അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
പരിസരവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന്പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, സെക്രട്ടറി എം.ജി. ബിനോയ്, വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, പഞ്ചായത്ത് അംഗം ബിനോയി ജോർജ് എന്നിവരും പരിസരവാസികളും സ്ഥലത്തെത്തിയാണ് തീ അണയ്ക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും, റീസൈക്ലിംഗ് പ്രവർത്തനങ്ങൾക്കായി സംസ്കരിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും, കെട്ടിടത്തിന്റെ വൈദ്യുതി ലൈനുകളും പൂർണമായി അഗ്നിക്കിരയായി. മൂന്ന് കെട്ടിടങ്ങൾക്കും സാരമായ തകരാറുകൾ സംഭവിച്ചു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു. മുൻപും ഈ പ്രദേശം കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പഞ്ചായത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കത്തി നശിച്ച കെട്ടിടവും പ്രദേശങ്ങളും പി.സി. വിഷ്ണുനാഥ് എംഎൽഎ, യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം എന്നിവർ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ പോലീസ് സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.