പത്തനാപുരം റബർ പാർക്കിൽ ആദ്യ സംരംഭം ഉയരുന്നു
1497065
Tuesday, January 21, 2025 5:56 AM IST
കൊല്ലം: പത്തനാപുരം പിറവന്തൂർ റബർ പാർക്ക് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കാനുള്ള തയാറെടുപ്പിൽ. 2025 മേയിൽ നിർമാണം പൂർത്തിയാകുന്ന ആദ്യ സംരംഭം പ്രവർത്തന സജ്ജമാകും. 19 പ്ലോട്ടുകളിൽ ഒമ്പത് എണ്ണത്തിന്റെ അലോട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
മേയിൽ പൂർത്തിയാകുന്ന ആദ്യ യൂണിറ്റിൽ 100 ലധികം ആളുകൾക്ക് നേരിട്ടുള്ള തൊഴിലും സമാനമായ പരോക്ഷ തൊഴിലും സൃഷ്ടിക്കപ്പെടും. റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ റബർ പാർക്കിൽ ഇപ്പോഴേ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വ്യവസായ പ്രവർത്തനങ്ങൾക്ക് വേഗതയും ഗുണനിലവാരവും ഉറപ്പാക്കുന്നു.
റബർ അധിഷ്ഠിത വ്യവസായങ്ങളുടെ മികവിനായി പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പാരിസ്ഥിതിക അനുമതികൾക്ക് ഇളവുകൾ ലഭ്യമാകുന്നതോടെ കൂടുതൽ സംരംഭങ്ങൾ പാർക്കിലേക്ക് ആകർഷിക്കപ്പെടും.
പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനം, ആകർഷക സംരംഭങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയുടെ വിലയിരുത്താനായി കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശനം നടത്തി.
റബർ പാർക്കിന്റെ മികച്ച റോഡ് കണക്ടിവിറ്റിയും മറ്റു സൗകര്യങ്ങളും ആശ്രയിച്ച് കൂടുതൽ വിപുലമായ സംരംഭങ്ങൾ നടപ്പാക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കുമെന്ന് എംപി വ്യക്തമാക്കി. ആദ്യ സംരംഭത്തിന്റെ കമ്മീഷനിംഗ് മേയിൽ പൂർത്തിയാക്കും. കൂടാതെ പാർക്കിന്റെ സമഗ്ര വികസനത്തിനായി എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനാപുരം റബർ പാർക്കിന്റെ വിപുലമായ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിന് തുടർച്ചയായ ഇടപെടലുകൾ നടത്തുമെന്നും വ്യക്തമാക്കി.