പ്രേമക്കഷായം പ്രമേയമാക്കിയ കവിതാസമാഹാരം ചർച്ചയാകുന്നു
1497071
Tuesday, January 21, 2025 6:06 AM IST
കൊല്ലം: പ്രേമ കഷായം പ്രമേയമാക്കി 34 വർഷം മുന്പു രചിച്ച കവിതാ സമാഹാരം ഷാരോൺ വധക്കേസ് വിധി വന്നപ്പോൾ ചർച്ചയാകുന്നു. 34 വർഷം മുമ്പാണ് സജി മുഖത്തല കഴുമരത്തിലെ ആത്മാവുകൾ എന്ന കവിതാ സമാഹാരം പുറത്തിറക്കിയത്. പ്രേമവും പ്രേമ നൈരാശ്യവുമാണ് കവിതയിലെ പ്രമേയം. കാമുകിയുടെ വഞ്ചനയെ കവി ഇങ്ങനെ കവിതയിൽ പറയുന്നു.
" ഓമനേ നീ തന്ന പ്രേമ കഷായം
കുടിച്ചെന്റെ നാവും കയർപ്പേൻ .....
കാലങ്ങളായി പല കാമുകർക്കേകി
കവുട്ടിക്കളഞ്ഞതാണെന്നോ ...?"
പ്രേമം പൂത്തുലഞ്ഞ നാളുകളിൽ കവിതകളിലൂടെ കവി കോറിയിടുന്നത് സ്നേഹത്തിന്റെ ഉദാത്തമായ കല്പനകളാണ്. സജി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് കവിതാ പുസ്തകം അച്ചടിച്ചത്.
സാഹിത്യ നിരൂപകൻ അന്തരിച്ച കെ.പി. അപ്പൻ വായിച്ച് വിലയിരുത്തിയ കൈയെഴുത്ത് പ്രതിക്ക് അദ്ദേഹത്തിന്റെ നിർദേശാനുസരണം പ്രഫ. കെ.വി. ദേവ് ആണ് അവതാരിക എഴുതി 1991 ജൂലൈയിൽ പ്രകാശനം നടത്തിയത്.