ആകാശദൂതുകൾക്ക് കാതോർത്ത് കൊല്ലത്ത് ഹാം റേഡിയോ പരിശീലനം
1491053
Monday, December 30, 2024 6:29 AM IST
കൊല്ലം: ആക്റ്റീവ് അമച്വർ ഹാം റേഡിയോ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള പരിശീലനം നടന്നു.
താഴ്ന്ന ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന മനുഷ്യർക്ക് താമസിക്കാവുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
നിലയത്തിൽ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങൾ ഹാം റേഡിയോ ലൈസൻസ് ഉള്ളവർക്ക് സ്വീകരിക്കാനാകും. ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾക്കൊണ്ട് കാണാവുന്ന ഈ നിലയം ഭൂമിയെ ചുറ്റി ഒരു ദിവസം പലതവണ വലംവയ്ക്കുന്നുണ്ട്. ഓരോ തവണ വലംവയ്ക്കുമ്പോഴും അതിൽ നിന്ന് ഭൂമിയിലേക്കയയ്ക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും സ്വീകരിക്കാനുള്ള പരിശീലനമാണ് കൊല്ലം ബീച്ചിൽ നടന്നത്.
ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം, തരംഗങ്ങളുടെശേഷി എന്നീ പഠനങ്ങൾക്ക് ഇത് ഉപകരിക്കും. പരിശീലന പരിപാടിയിൽ ഹാം റേഡിയോ അംഗങ്ങളും പ്രമുഖ ഹാമുകളായ വെള്ളിമൺ ഡെമാസ്റ്റൻ, നിഷാന്ത്, താജുദീൻ, ഹഫീസ്, അനിൽ, അശോകൻ,സലിം മസ്താൻ എന്നിവരും പങ്കെടുത്തു.
ലഭിച്ച ചിത്രങ്ങൾ നാസയുടെ ഏജൻസിയ്ക്കയച്ച് അവാർഡ് ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. പ്രകൃതി ദുരന്തങ്ങൾ നടക്കുമ്പോൾ വാർത്താവിനിമയ ഉപകരണങ്ങൾ പരാജയപ്പെട്ടാൽ പകരമുള്ള വാർത്താ വിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനു ഈ പരിശീലനം ഉപകരിക്കുമെന്ന് സൊസൈറ്റി സെക്രട്ടറി ജയനും പ്രസിഡന്റ് രാജശേഖരനും അറിയിച്ചു.