കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും
1491624
Wednesday, January 1, 2025 6:24 AM IST
കൊല്ലം: ഒപ്പം ജോലി ചെയ്തുവന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഇളമ്പള്ളൂര്‍ പെരുമ്പുഴ മാടന്‍വിള വടക്കേതില്‍ ഓമനക്കുട്ടനെ (50) തൂമ്പകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനുഭവനില്‍ മനു (42)വിനെ യാണ് കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്. സുഭാഷ് ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുക മരണപ്പെട്ട ഓമനക്കുട്ടന്റെ അമ്മ ജഗദമ്മയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2020 ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കുണ്ടറ ഇളമ്പള്ളൂര്‍ പെരുമ്പുഴയിലുള്ള ഡോക്ടറുടെ വീട്ടിലെ കൃഷിപ്പണിക്കാരായിരുന്നു ഇരുവരും. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഡോക്ടറുടെ തന്നെ ഉടമസ്ഥതയിലുള്ള കളിയിലില്‍ ഉറങ്ങാനായി പോയി. ഓമനക്കുട്ടന് രക്തം വാര്‍ന്ന് കിടക്കുന്നതായി മനു അറിയിച്ചതിനുസരിച്ച് വീട്ടുടമസ്ഥനും മകനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണത്തിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മനുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. നേരത്തെ ഓമനക്കുട്ടന്റെ വീട്ടില്‍ നിന്ന് മനു 20,000രൂപ മോഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഓമനക്കുട്ടന് മനുവിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.