കുണ്ടറയിലെ ഇരട്ടക്കൊലപാതകം; പ്രതി ശ്രീനഗറിൽ പിടിയില്‍
1491200
Tuesday, December 31, 2024 3:03 AM IST
കൊല്ലം: കുണ്ടറ പടപ്പക്കരയിൽ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പുഷ്പലതയുടെ മകന് അഖിലിനെയാണ് കുണ്ടറ പോലിസ് ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
പടപ്പക്കര പുഷ്പവിലാസം വീട്ടില്‍ പുഷ്പലത (55), പിതാവ് ആന്റണി (75) എന്നിവരാണ് കൊല്ലപ്പെട്ട കേസിൽ നാല് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖില്‍. പ്രതി മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി. ഇയാളുടെ ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. കേരളത്തിലുടനീളവും പല സംസ്ഥാനങ്ങളിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിരുന്നു.
അങ്ങനെയാണ് ശ്രീനഗറില്‍ നിന്ന് പ്രതിയെക്കുറിച്ചുളള വിവരം കുണ്ടറ പോലീസിന് ലഭിച്ചത്. കുണ്ടറ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ഒരാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നില്ക്കുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 17നാണ് സംഭവം നടന്നത്. അന്ന് രാവിലെ ചണ്ഡീഗഡില്‍ പഠിക്കുന്ന മകള്‍ അഖില പുഷ്പലതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് സമീപവാസിയായ ബന്ധുവിനോട് അന്വേഷിക്കാന്‍ പറഞ്ഞു. രാവിലെ 11.30 ന് ബന്ധു വീട്ടില്‍ എത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തറയില്‍ അനക്കമില്ലാതെ കിടക്കുന്ന പുഷ്പലതയെ കണ്ടത്.
തലയിലെ മുറിവില്‍ നിന്ന് ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ സമീപത്തെ മുറിയില്‍ കിടന്ന ആന്റണിയെ ആദ്യം കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആന്റണിയും മരിച്ചു. സംഭവം നടക്കുന്നതിന്റെ തലേദിവസം രാവിലെ 10 ന് പുഷ്പലത പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെയും പിതാവിനേയും അഖില്‍ ഉപദ്രവിക്കുന്നുവെന്ന് പരാതി പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് എത്തി അഖിലിന് താക്കീത് നല്കി തിരികെ പോവുകയും ചെയ്തു. പോലിസിനെ വിളിച്ചത് അഖിലിന്റെ വൈരാഗ്യം കൂട്ടി. ആ പകയാണ് അന്ന് രാത്രി അരുംകൊലയ്ക്ക് വഴിവച്ചത്. കട്ടിലില്‍ കിടക്കുകയായിരുന്ന പുഷ്പലതയെ തലയണ കൊണ്ട് അഖില്‍ ശ്വാസം മുട്ടിച്ചു. തുടര്‍ന്ന് നിലത്തു വീണ ഇവരുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. കൂര്‍ത്ത ആയുധം കൊണ്ട് മുഖത്ത് കുത്തി. ചോരവാര്‍ന്ന് പുഷ്പലത മരിക്കുന്നത് ലഹരിക്കടിമയായ അഖില്‍ കണ്ടുനിന്നു.
തൊട്ടടുത്ത മുറിയിലായിരുന്ന മുത്തച്ഛന് ആന്റണിയെയും അഖില്‍ വെറുതെ വിട്ടില്ല. മുത്തച്ഛനെയും അഖില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖില്‍ അമ്മ പുഷ്പലതയുടെയും മുത്തച്ഛന് ആന്റണിയുടെയും ജീവനെടുത്തത്. അഖില്‍ പണത്തിനായി ഇരുവരെയും നിരന്തരം ശല്യം ചെയ്തിരുന്നു.