പാമ്പ് ഭീതിയില്‍ തെക്കേവയൽ ഗ്രാമം; പാന്പ് കടിയേറ്റ് ഒരാള്‍ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയില്‍
1491197
Tuesday, December 31, 2024 3:02 AM IST
അഞ്ചല്‍: പാമ്പുകടി ഭീതിയിലാണ് ഏരൂര്‍ പഞ്ചായത്തിലെ തെക്കേവയൽ ഗ്രാമം. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് പാമ്പ് കടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
ഏരൂർ തെക്കേവയൽ മായാ വിലാസത്തിൽ രാമചന്ദ്രൻ ( 65 ) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 24 ന് ഉച്ചയോടെ വീടിന് സമീപത്ത് റോഡില്‍ വച്ചായിരുന്നു പാമ്പുകടിച്ചത്. ഉടന്‍ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. താലൂക്കാശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്ന് വളര്‍ന്ന് പന്തലിച്ച കാട് പാതയോരത്തും പാതയിലേക്കും വളര്‍ന്നിറങ്ങിയതാണ് പാമ്പുകള്‍ വര്‍ധിക്കാനും ഒരാളുടെ മരണത്തിനും ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പലതവണ ആവശ്യപ്പെട്ടെങ്കിലും കാട് വൃത്തിയാക്കിയില്ല. പ്രതിഷേധം കൂടിയതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് കാട് വെട്ടിനീക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
കാട് വെട്ടിമാറ്റുന്നതിനിടെ യുവാവിനും പാമ്പുകടിയേറ്റു. ഏരൂര്‍ സ്വദേശിയും കടമാന്‍കോട് താമസിക്കുന്നയാളുമായ സജുരാജിനെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രണ്ടു ദിവസങ്ങളിലായി അപകടാവസ്ഥയിലുള്ള കാടുകള്‍ വെട്ടി നീക്കിയിട്ടുണ്ട്. കാട് വെട്ടിമാറ്റുന്നതിനിടയിലും നിരവധി പാമ്പുകളുടെ സാന്നിധ്യം ഉണ്ടായത് നാട്ടുകാരെ ഭീതിയിലാക്കി. തെക്കേവയല്‍ വെള്ളടികുന്ന് പ്രദേശത്താണ് ചേനതണ്ടന്‍ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പ് ഇറങ്ങിയത്. വീട്ടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച പാമ്പിനെ കണ്ട വളര്‍ത്ത് നായ കടിച്ചെറിയുകയും ബഹളം വയ്ക്കുകയും ചെയ്തു.
ഇതോടെ പുറത്തിറങ്ങിയ വീട്ടുകാരാണ് പാമ്പിനെ കണ്ടെത്തിയത്. നായ കടിച്ചു കീറിയ പാമ്പ് പിന്നീട് ചത്തു. കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് മരിച്ച രാമചന്ദ്രന്റെ ബന്ധുവീട്ടിലാണ് ഇന്നലെ പാമ്പ് കയറിയത്. ജനങ്ങളുടെ ഭയപ്പാട് അകറ്റാന്‍ ജനവാസ മേഖലയിലെ കാടുകള്‍ വെട്ടി നീക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിച്ചു.
അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് പരിധിയിലെ ആര്‍ആര്‍ടി സംഘവും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് വ്യക്തമാക്കി.
നഷ്ടപരിഹാരം ഉറപ്പാക്കണം: എന്‍.കെ പ്രേമചന്ദ്രന്
അഞ്ചല്‍: പാമ്പ് കടിയേറ്റ് മരിച്ച ഏരൂര്‍ തെക്കേവയല്‍ സ്വദേശി രാമചന്ദ്രന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
തെക്കേവയല്‍ ഭാഗത്ത് രൂക്ഷമായ പാമ്പ് ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. തെരുവ് വിളക്കുകളുടെ അഭാവവും കാടുകള്‍ വെട്ടി നീക്കാത്തതുമാണ് പാന്പ് ശല്യം കൂടാൻ കാരണം.
പാമ്പ് കടിയേറ്റ് മരിച്ച രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംപി. ഡിസിസി ജനറല്‍ സെക്രട്ടറി ഏരൂര്‍ സുഭാഷ്, വര്‍ഗീസ്, അനികുട്ടന്, ഷറഫുദീന്‍ എന്നിവരും എംപിക്കൊപ്പം സ്ഥലത്ത് എത്തിയിരുന്നു.
സര്‍വ കക്ഷിയോഗം വിളിക്കണമെന്ന് ബിജെപി
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ തെക്കേവയല്‍ ഭാഗത്ത് പാമ്പ് കടിയേറ്റ് ഒരാള്‍ മരിയ്ക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ സെല്‍ കോ ഓർഡിനേറ്ററുമായ സുമന് ശ്രീനിവാസന് ആവശ്യപ്പെട്ടു.
തോട്ടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വലിയ രീതിയില്‍ വളര്‍ന്ന് നില്ക്കുന്ന കാടുകള്‍ ജനജീവിതത്തിന് ഭീഷണിയാണ്. പാമ്പ്, കാട്ടുപന്നി അടക്കമുള്ള വന്യജീവികള്‍ ജനങ്ങളുടെ സ്വൈര ജീവിതത്തിനു ഭീഷണിയാവുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒപ്പം വനം ഓയില്‍പാം ഉള്‍പ്പെടുന്ന വിവിധ വകുപ്പ് അധികാരികളുടെയും യോഗം വിളിക്കണം. ജനങ്ങളുടെ ഭീതിയകറ്റുന്നതിനോടൊപ്പം ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.