കോര്‍പ്പറേഷന്റെ നാല് പദ്ധതികൾ ഉദ്ഘാടനം ചെയ്തു
1491910
Thursday, January 2, 2025 6:46 AM IST
കൊല്ലം: കോര്‍പ്പറേഷന്റെ നാല് പദ്ധതികളുടെ സംയുക്ത ഉദ്ഘാടനം നടന്നു. 46582 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 17.21 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെഎംസി മാള്‍ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. 65 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക് അങ്കണവാടി, കമ്യൂണിറ്റി ഹാൾ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
1.25 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ എം. നൗഷാദ് എംഎൽഎ സമർപ്പിച്ചു. 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ട്രാന്‍സ്ജെന്‍ഡേഴ്സ് പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വാണിജ്യ സ്ഥാപനങ്ങൾ വരുന്നതിനും അതുവഴി വിപണി മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊല്ലത്തിന്റെ വാണിജ്യ സംസ്കാരം ഉയർത്തുന്ന രീതിയിൽ വ്യാപാരം വളർത്താൻ കഴിയണം. ഐടി പാർക്കും പുതിയ തൊഴിൽ വ്യവസായ സ്ഥാപനവും തുടങ്ങുന്നതിന് ആദ്യമായി പദ്ധതി മുന്നോട്ട് വച്ചത് കൊല്ലം കോപ്പറേഷനാണ്.
കോർപ്പറേഷന്റെ പരിധിയിലുള്ള സ്ഥലങ്ങളിൽ ആധുനിക വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുന്നതായി മന്ത്രി പറഞ്ഞു. നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന കോർപ്പറേഷൻ വിവിധ തലങ്ങളിലുള്ളവർക്ക് പ്രയോജനപ്പെടുന്ന പദ്ധതികളാണ് യാഥാർഥ്യമാക്കിയതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപെട്ടു.
താമരക്കുളം കെഎംസി മാളില്‍ നടന്ന സംയുക്ത ഉദ്ഘാടന ചടങ്ങില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷയായി. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവര്‍ പങ്കെടുത്തു.