അസ്ഥികൂടം കണ്ടെടുത്ത കേസിലെ പ്രതിയെ വെറുതെ വിട്ടു
1491625
Wednesday, January 1, 2025 6:24 AM IST
കൊല്ലം: പത്ത് വർഷം മുമ്പ് അഞ്ചാലുംമൂട് കുപ്പണ പൊങ്ങുംതാഴെ കായൽവാരത്ത്ആൾ താമസമില്ലാത്ത വീടിന്റെ പുറകു വശമുള്ള സെപ്റ്റിക് ടാങ്കിൽ നിന്നും അസ്ഥി കൂടം കണ്ടെടുത്ത കേസിലെ പ്രതി തൃക്കടവൂർ കുപ്പണ തെക്കേവിള വടക്കതിൽ രാജേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടുകൊണ്ടു കൊല്ലം അഡീഷണൽ സെക്ഷൻസ് ജഡ്ജ് പി.എൻ.വിനോദ് വിധി പ്രസ്താവിച്ചു.
തൃക്കടവൂർ മുരുന്തൽ വെട്ടുവിള ധന്യ നിവാസിൽ ശ്രീദേവി അമ്മയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയെന്ന് പറഞ്ഞ് അഞ്ചാലുംമൂട് പോലീസ് ചാർജ്ചെയ്ത കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.
2014 ൽ തിരുവോണ ദിവസം അമ്മയെ കാണുന്നതിനും ഓണപ്പുടവ സമ്മാനിക്കുന്നതിനും അമ്മയോടൊപ്പം ഓണം ആഘോഷിക്കുന്നതിനുവേണ്ടി ശ്രീദേവി അമ്മയുടെ മകൾ ധന്യ എറണാകുളം കാക്കനാടുള്ള ഭർത്യവീട്ടിൽ നിന്നും അമ്മ താമസിക്കുന്ന വെട്ടുവിളയിലെ വീട്ടിൽ എത്തി .
വീട് പൂട്ടിയതായി കാണപ്പെട്ടതിനാൽ അമ്മയെ കാണാതിരുന്നപ്പോൾ മകൾ ധന്യ ശ്രീദേവി അമ്മയുടെ ഫോണിൽ പലതവണവിളിക്കുകയും ഫോൺ സ്വിച്ച് ഓഫായതിനാൽ അയൽ വീടുകളിൽ അന്വേഷിച്ചപ്പോൾ ഓണം കൂടാൻ മകൾ ധന്യ വരുമെന്നും അതിനാൽ സാധനങ്ങൾ വാങ്ങാൻ പോകുവാണെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കണ്ടെന്നും കുറെ കഴിഞ്ഞ് സാധനങ്ങളും വാങ്ങി ശ്രീദേവി അമ്മ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു.
ഏറെ നേരം അന്വേഷിച്ചിട്ടും കാണാതെ ആയപ്പോൾ ധന്യ, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ശ്രീദേവി അമ്മയെകാണാനില്ലെന്നു പറഞ്ഞ് അഞ്ചാലുംമൂട് പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു വർഷത്തോളം അന്വേഷണം നടത്തിയിട്ടും ശ്രീദേവി അമ്മയെ കണ്ടെത്താനായില്ല. ആ സാഹചര്യത്തിൽ പോലീസ് കേസ് അന്വേഷണം അവസാനിച്ചു .
അങ്ങനെയിരിക്കവെ ഗൾഫിൽ വച്ച് രണ്ടു സുഹൃത്തുക്കൾ തമ്മിൽ കണ്ട് മുട്ടിയപ്പോൾ മദ്യസൽക്കാരത്തിനിടയിൽ ഒരാൾ തന്റെ സുഹൃത്തിനോട് പറഞ്ഞ തുറന്നു പറച്ചിലിലാണ് ശ്രീദേവി അമ്മ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.
ശ്രീദേവി അമ്മയെ കൊലപ്പെടുത്തുന്നതിന് കൂട്ടു നിന്ന ചന്ദ്രവിനോദ് എന്നയാൾ തന്റെ സുഹൃത്തായ ബിനുലാലിനോട് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. ബിനു ലാൽ ആ വിവരങ്ങളെല്ലാം കാണിച്ച് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് ഊമക്കത്തയച്ചു. അന്വേഷണം അതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയപ്പോൾ കുപ്പണ പോങ്ങുംതാഴെ കായൽവാരത്ത് ആള് താമസം ഇല്ലാത്ത വീടിന് പുറക് വശത്തുള്ള സെപ്ടിക് ടാങ്കിൽ മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടം കണ്ടെത്തി.
ശാസ്ത്രീയ പരിശോധനയിൽ അസ്ഥികൂടം കാണാതായ ശ്രീദേവി അമ്മയു ടേതാണെന്ന് കണ്ടെത്തി. ശ്രീദേവി അമ്മയെ കൊലപ്പെടുത്തിയ താണെന്ന് പറഞ്ഞ് പോലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണത്തിൽ കുപ്പണ തെക്കേവിള വടക്കതിൽ വീട്ടിൽ രാജേഷും നീരാവിൽ പനമൂട് കുന്നുംപുറത്ത് വീട്ടിൽ ചന്ദ്രവിനോദും ചേർന്ന് അഞ്ചാലുംമൂട് ജംഗ്ഷന് സമീപം ബിവറേ ജസ് വിൽപ്പന നടത്തുന്ന സ്ഥലത്ത് വച്ച് ശ്രീദേവി അമ്മയെ ബലാൽസംഗം ചെയ്ത്കൊലപ്പെടുത്തണമെന്ന് ഗൂഡാലോചന നടത്തിയ ശേഷം കുപ്പണ പൊങ്ങുംതാഴെ വിളിച്ചുവരുത്തി അവിടെ വച്ച് ബലാൽസംഗം ചെയ്തത് മുഖത്തും വായിലും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ പിറക് വശം ഉളള സെപ്ടിക് ടാങ്കിൽ ഒളിപ്പിച്ച് വച്ചു. ബലാൽസംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി പോലീസ് കണ്ടെത്തി.
അന്വേഷണ മധ്യേരാജേഷിനെയും ചന്ദ്രവിനോദിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറ ങ്ങിയ ചന്ദ്രവിനോദ് മറ്റൊരു കേസിൽ അകപ്പെട്ട് വീണ്ടും അറസ്റ്റിലായി. ആ കേസിലും ജാമ്യത്തിൽ ഇറങ്ങിയ ചന്ദ്രവിനോദ് ഒളി വിൽപോയി. രാജേഷിന് എതിരായ കേസ് ആണ് കോടതി വിചാരണ നടത്തിയത്. ചന്ദ്രവിനോദിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു.
വിചാരണ അവസാനിക്കാറായ ഘട്ടത്തിൽ ശ്രീദേവി അമ്മ യുടെ മകൾ ധന്യ നേരിട്ട് കോടതിയിൽ ഹാജരായി കേസ് പുനർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു.
പുനർ അന്വേഷണത്തിന് കോടതി ഉത്തരവ് ഇട്ടതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിനെ രൂപീകരിച്ച് പുനർ അന്വേഷണം നടത്തി അധിക കുറ്റപത്രം കോടതിയിൽ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ വീണ്ടും വിചാരണ ആരംഭിച്ചു.
കൂടുതലായി കണ്ടെത്തിയ തെളിവുകൾ കോടതി പരിശോധിച്ചു . എന്നാൽ പ്രതിയ്ക്ക് എതിരെയുള്ള കുറ്റകൃത്യം തെളിയിക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ പ്രതിയെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി പ്രസ്താവിച്ചു.
പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ സി.ജി.സുരേഷ് കുമാർ, വിപിൽ കൃഷ്ണൻ, ആർ. കൃഷ്ണ എന്നിവർ കോടതിയിൽ ഹാജരായി.