അപകടത്തിലായ കുമ്മല്ലൂർ പാലത്തിന്റെ കൈവരികൾ പുതുക്കി പണിയുന്നു
1491622
Wednesday, January 1, 2025 6:14 AM IST
ചാത്തന്നൂർ: അപകടാവസ്ഥയിലായ ഇത്തിക്കരയാറിന് കുറുകെയുള്ള കുമ്മല്ലൂർ പാലത്തിന്റെ കൈവരികൾ പുതുക്കി പണിയുന്നു. പാലം ഏത് നിമിഷവും ആറ്റിൽ പതിക്കാമെന്ന നിലയിലായിരിക്കുമ്പോഴാണ് ആർക്കും പ്രയോജനപ്പെടാത്ത അറ്റകുറ്റപണി നടത്തുന്നത്.
കുമ്മല്ലൂർ പാലം പുതുക്കി പണിയാൻ നടപടി സ്വീകരിക്കാതെ അറ്റകുറ്റപണികളുമായി പൊതുമരാമത്ത് വകുപ്പ്. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ - ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കുമ്മല്ലൂർ പാലത്തിനാണ് ഈ ദുർഗതി.
അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നത് മൂലം പാലത്തിന്റ് കൈവരിയിലെ തൂണുകളുടെ സിമന്റ് ് ഇളകിമാറി ഉള്ളിലെ ഇരുമ്പുകമ്പികൾ ദ്രവിച്ചതിനെ തുടർന്നാണ് അറ്റകുറ്റപണികൾ നടത്തുന്നത് എന്നാണ്ഉദ്യോഗസ്ഥഭാഷ്യം.
മുപ്പതോളം അടി ഉയരത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. സ്പാനുകളുടെ അടിഭാഗത്തെ കോൺക്രീറ്റ്ഇളകി മാറി തകർന്ന നിലയിലാണ്. സിമന്റ്പാളികളും ഇളകിവീഴുകയാണ്. സിമന്റ് ഇളകിമാറി ഇതിന്റെ അസ്ഥിവാരക്കല്ലുകൾക്കു സ്ഥാന ചലനം സംഭവിച്ചിട്ടുണ്ട്.
ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിള്ളൽ രൂപപ്പെട്ടുകഴിഞ്ഞു. ഈ ഭാഗത്ത്പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്.
പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിനു വീതി കുറവാണ്, പാലത്തിന്റെ ഇരുവശങ്ങളും കാടു മൂടിയതിനാൽ വാഹനയാത്രികരുടെ കാഴ്ച മറയുന്നതായും പരാതിയുയരുന്നു.ഭാരം കൂടിയ വാഹനങ്ങൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുള്ള റോഡിൽ അമിതഭാരവുമായി ടോറസ് ലോറികളുടെയും മറ്റ് വാഹനങ്ങളുടെയും അമിത വേഗത്തിലുള്ള കടന്നുവരവ് നാട്ടുകാർക്ക് ആശങ്കകൾക്ക് ഇടനൽകുകയാണ്. അപകടങ്ങൾ തലനാരിഴയ്ക്കാണു വഴിമാറുന്നത്.
1973ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മീഷൻ ചെയ്തത്.2020ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും കിഫ് ബി ഫണ്ടിൽ നിന്നും 13കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. അടുത്തിടെ ടെൻഡർ നടപടികൾ ഉണ്ടായെങ്കിലും ആരും തന്നെ ടെൻഡർ എടുക്കാൻ എത്തിയില്ല.ചാത്തന്നൂരിനെ ആദിച്ചനല്ലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻമേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
ദിനവും ആയിരകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായി നാട്ടുകാർ പറയുന്നു. ഒരുബസ് മാത്രം കടന്നുപോകാൻ മാത്രമുള്ള വീതിയാണ് പാലത്തിലുള്ളത്.
ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. കാൽനടയാത്രികരും ദുരിതത്തിലാണ്. അറ്റകുറ്റപണികൾ നടത്തുന്നതിലും അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.അശാസ്ത്രിയമായ നിർമാണപ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത് .റെഡിമെയ്ഡായകൈവരികളാണ്കൊണ്ട് വന്ന് സ്ഥാപിക്കുന്നത്. ഫ്ലാറ്റ് ഫോമിൽ കോൺക്രീറ്റ് ചെയ്തു പിടിപ്പിക്കുന്നത് അല്ലാതെ സുരക്ഷിതമായല്ല നിർമ്മാണപ്രവർത്തികൾ നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.