പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസ്: ഫെബ്രുവരി 17 ന് പരിഗണിക്കും
1491896
Thursday, January 2, 2025 6:34 AM IST
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17 ലേക്ക് മാറ്റി. ഇന്നലെ പ്രത്യേക കോടതി ജഡ്ജിയുടെ ചുമതലയുള്ള നാലാം അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക് കോടതി ജഡ്ജി എസ്. സുഭാഷ് മുന്‍പാകെയാണ് കേസ് പരിഗണിച്ചത്.
കേസില്‍ 50 പ്രതികളാണ് ഉണ്ടായിരുന്നത്. അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന മുപ്പതാം പ്രതി അനുരാജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് പ്രതിഭാഗം കോടതിയോട് സാവകാശം ആവശ്യപ്പെട്ടു. കൂടാതെ 13 പ്രതികള്‍ അവധി അപേക്ഷ നല്കി. ഒരു പ്രതി കൂടി മരിച്ചതായി ബന്ധപ്പെട്ട അഭിഭാഷകന് കോടതിയെ അറിയിച്ചു. 43ാമത്തെ പ്രതി വര്‍ക്കല മുട്ടത്തലം ചരുവിള വീട്ടില്‍ വിനോദ് ആണ് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു.
ഇതോടെ മരിച്ച പ്രതികളുടെ സംഖ്യ എട്ടായി. കേസ് വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. ജബാര്‍, അമ്പിളി ജബാര്‍ എന്നിവര്‍ ഹാജരായി.