ഡിഎൻഎ പരിശോധനാ ഫലം എതിരായി; ബലാത്സംഗ കേസ് പ്രതി കുറ്റവിമുക്തൻ
1491901
Thursday, January 2, 2025 6:34 AM IST
കൊല്ലം: ഗർഭിണിയായതിനെ തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കേസ് എടുത്ത് കുറ്റപത്രം നൽകിയ കേസിൽ ഡിഎൻഎ പരിശോധനാ ഫലം എതിരായതിനെ തുടർന്ന് കേസ് വെറുതേ വിട്ടു.
ഇളമ്പള്ളൂർ പുനുക്കന്നൂർ സ്വദേശിയെയാണ് കോടതി വെറുതേ വിട്ടത്. കുണ്ടറ പോലീസ് അന്വേഷിച്ച കേസിൽ യുവതിയുടെ സഹോദരിമാരും പിതാവും സാക്ഷികളായി മൊഴി നൽകിയിരുന്നു. പ്രസവ ദിവസത്തിന് തലേന്നാണ് ഗർഭിണിയാണെന്ന് മനസിലായതെന്നു യുവതിയും സാക്ഷികളായ സഹോദരിമാരും കോടതിയിൽ മൊഴി നൽകിയിരുന്നു.
വയറുവേദന വന്നപ്പോൾ ആശുപത്രിയിൽ പോയെന്നും തൊട്ടടുത്ത ദിവസം പ്രസവിച്ചെന്നുമാണ് യുവതിയും സഹോദരിമാരും കോടതിയിൽ മൊഴി നൽകിയത്. എന്നാൽ പ്രതിയുടെ അഭിഭാഷകർ ആശുപത്രി രേഖകൾ ഹാജരാക്കുകയും യുവതി പറഞ്ഞത് കളവാണെന്ന് തെളിയിക്കുകയുമായിരുന്നു. പ്രസവത്തിനും വളരെ മുമ്പേ യുവതി ഗർഭിണിയാണെന്ന പരിശോധനാ രേഖകൾ രേഖകൾ പ്രതിഭാഗം ഹാജരാക്കി.
ജനിച്ച കുട്ടിയുടെ പിതാവ് താനല്ലെന്നും കള്ളക്കേസാണെന്നും പ്രതി ആദ്യം മുതൽക്കേ തർക്കിച്ചിരുന്നു. 19 സാക്ഷികളെ ചോദ്യം ചെയ്യുകയും പ്രതിയുടെ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. കോടതിയിൽ വിചാരണ നടക്കുന്പോഴാണ് ഡിഎൻഎ പരിശോധനാ ഫലം എത്തിയത്.
പോക്സോ കേസുകൾക്കുള്ള കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് അഞ്ചു മീര ബിർളയാണ് പ്രതിയെ വെറുതെ വിട്ട് വിധി പ്രസ്താവിച്ചത്.
പ്രതിക്ക് വേണ്ടി അഭിഭാഷകരായ അരവിന്ദ്.പി. പിള്ള, ഗോകുൽ. പി. രാജ് കല്ലട, രേവതി. സി. നെടിയവിള, ആൻസി രാജീവ്, എ.ഗോപിക, ശ്രീരൂപ് ഗോവിന്ദ് എന്നിവർ കോടതിയിൽ ഹാജരായി.