കൊല്ലം: ത​ക​ര്‍​ന്നു​വീ​ഴാ​റാ​യ കു​ടി​ലി​ല്‍ വ​യോ​ധി​ക​യാ​യ അ​മ്മ​ക്കൊ​പ്പം ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഡോ​ളി​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​നീ​രെ​ത്തും. 'ക​രു​ത​ലും കൈ​ത്താ​ങ്ങും' കൊ​ല്ലം താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ ഇ​വ​ര്‍​ക്ക് കു​ടി​വെ​ള്ള​ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ന്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

47കാ​രി​യാ​യ ഡോ​ളി​യും 74 വ​യ​സു​ള്ള അ​മ്മ ബ്രി​ജി​ത്തും കു​ടും​ബ​സ്വ​ത്താ​യി ല​ഭി​ച്ച ഒ​ന്ന​ര സെ​ന്‍റ് ഭൂ​മി​യി​ല്‍ ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ കി​ണ​റോ ക​ക്കൂ​സോ ഇ​ല്ല. കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പിഎംഎവൈ പ​ദ്ധ​തി​യി​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു.

എ​ന്നാ​ല്‍, മാ​തൃ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ള്‍ പ്ര​വൃ​ത്തി ത​ട​സടു​ത്തു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ ഭി​ത്തി ത​ക​ര്‍​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്‌​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പോലീ​സ് വി​ല​ക്കി​യി​ട്ടും ബ​ന്ധു​ക്ക​ള്‍ ഉ​പ​ദ്ര​വം തു​ട​രു​ക​യാ​ണ്. അ​നു​വ​ദി​ച്ച ഫ​ണ്ട് ന​ഷ്ട​മാ​കും മു​മ്പ് വീ​ട് പ​ണി​യാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം.