പാമ്പ് കടിയേറ്റ സജുരാജിന്റെ മൃതദേഹം സംസ്കരിച്ചു
1491669
Wednesday, January 1, 2025 10:14 PM IST
അഞ്ചല്‍ : ഏരൂര്‍ തെക്കേവയല്‍ ഭാഗത്ത് കാട് വെട്ടി നീക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച ഏരൂര്‍ സ്വദേശി സജുരാജിന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യയും രണ്ടു ചെറിയ കുട്ടികളും അടങ്ങുന്ന സജുരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് സജുരാജിന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.
തെക്കേവയല്‍ ഭാഗത്ത് ഒരാളുടെ മരണത്തിനിടയാക്കിയ പ്രദേശത്ത് കാട് വെട്ടി നീക്കുന്നതിനിടെ ഞായറാഴ്ചയാണ് സജുവിന് പാമ്പ് കടിയേറ്റത്. പാമ്പും പന്നിയുമുൾപ്പെടെയുള്ള വന്യ ജീവി ആക്രമണ ഭീതിയിലാണ് പ്രദേശം.
രണ്ട് പേരുടെ മരണത്തിന് ശേഷവും അവിടെ പാമ്പിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള നിയമപരമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.