തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 23 പദ്ധതികള്‍ക്ക് അംഗീകാരം നല്കി ജില്ലാതല വിദഗ്ധ സമിതി
1491626
Wednesday, January 1, 2025 6:24 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ജില്ലാതല വിദഗ്ധ സമിതി യോഗത്തില്‍ 23 പദ്ധതികള്‍ക്ക് അംഗീകാരം. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളാണിവ.
പ്രാദേശിക വികസന പ്രത്യേകതകള്‍ വിശകലനം ചെയ്ത് രൂപംകൊടുത്ത പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.ജില്ലാ പഞ്ചായത്തിന്റെ 10 പദ്ധതികള്‍, പത്തനാപുരം, അഞ്ചല്‍, ചിറ്റുമല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകള്‍ ഒന്ന് വീതം, കുളക്കട, പിറവന്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ രണ്ട് വീതം, ഓച്ചിറ, തെന്മല, കരീപ്ര, തൃക്കോവില്‍വട്ടം, പത്തനാപുരം ഗ്രാമപഞ്ചായത്തുകള്‍ ഒന്ന് വീതം എന്നിങ്ങനെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 23 പദ്ധതികളാണ് അംഗീകാരത്തിനായി സമിതിക്ക് മുന്നില്‍ എത്തിയത്.
പട്ടികജാതി- പട്ടികവര്‍ഗ വികസനം, ക്ഷീരവികസനം, നെല്‍കൃഷി വികസനം, വിദ്യാഭ്യാസം, വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം, ആരോഗ്യം, വനിത ശിശു വികസനം, സ്വയംതൊഴില്‍, കാന്‍സര്‍ രോഗികളുടെ പരിചരണം, വയോജനക്ഷേമം, ലഹരിവിരുദ്ധ കൗണ്‍സിലിങ് തുടങ്ങിയ മേഖലകളില്‍ വരുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി.
തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, ഡിപിസി സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ജെ. ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.