കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി
1491905
Thursday, January 2, 2025 6:46 AM IST
കൊല്ലം: ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് അദാലത്തുകള്‍ വഴി കഴിയുന്നതായി മന്ത്രി കെ.എന്‍.ബാലഗോപാല്‍. സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ കൊല്ലം താലൂക്ക്തല അദാലത്ത് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതു പരാതി അദാലത്തിന് പുറമേ ഓരോ വകുപ്പുകളും പ്രത്യേകമായി അദാലത്തുകള്‍ നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് കഴിഞ്ഞു. തദ്ദേശം, തീരദേശം, വനം തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകള്‍ മികച്ച വിജയമായിരുന്നു. പരാതികളുടെ എണ്ണത്തില്‍ കുറവ് വന്നതും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ തെളിവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരമാവധി പരാതികള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് പരിപാടിയില്‍ അധ്യക്ഷയായ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അദാലത്തുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി ലഭിച്ച 829 പരാതികൾ ജില്ലാതല ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
572 ഓളം പരാതികള്‍ക്ക് പരിഹാരം കാണിച്ച് മറുപടി തയാറാക്കിയിട്ടുണ്ട്. അദാലത്ത് ദിനവും പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.
എംഎല്‍എമാരായ എം. മുകേഷ്, എം.നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, എഡിഎം ജി. നിര്‍മല്‍ കുമാര്‍, സബ് കളക്ടര്‍ നിഷാന്ത് സിന്‍ഹാര, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാൻ മന്ത്രി നിര്‍ദേശം നല്കി
കൊല്ലം: 120 വര്‍ഷമായി കൊല്ലം ഈസ്റ്റ് റവന്യൂ പുറമ്പോക്കില്‍ മുനീശ്വരസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായാണ് രാജു വര്‍ഗീസ് അദാലത്തിന് എത്തിയത്.
അംഗപരിമിതനായ രാജു വര്‍ഗീസും മറ്റു കുടുംബങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരുമാണ്. കൊല്ലം കോര്‍പ്പറേഷന്റെ അതിര്‍ത്തിക്കുള്ളില്‍ എസ് വളവില്‍ 16 അടി താഴ്ചയില്‍ ആണ് ഇവര്‍ താമസിക്കുന്നത്. 50 വര്‍ഷം വസ്തു കരവും അടച്ചിട്ടുണ്ട്.
മറ്റു പല ആവശ്യങ്ങള്‍ക്കും പട്ടയം അനിവാര്യമാണ്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സമീപത്തുള്ള മറ്റ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചതായി ഇവര്‍ പറയുന്നു. അപേക്ഷ പരിഗണിച്ച മന്ത്രി കെ.എന്‍. ബാലഗോപാല്‍ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയ ആശ്വാസത്തിലാണ് ഇവര്‍ മടങ്ങിയത്.