നിങ്ങൾ പഠിക്കൂ; ഞങ്ങൾ ഒപ്പമുണ്ട്, ഗാന്ധിഭവൻ പദ്ധതിക്കു തുടക്കമായി
1491908
Thursday, January 2, 2025 6:46 AM IST
പാരിപ്പള്ളി: പുതുവത്സര ദിനത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം പ്രതിഭകളായ അഞ്ച് വിദ്യാർഥികൾക്ക് 'നിങ്ങൾ പഠിക്കൂ; ഞങ്ങൾ ഒപ്പമുണ്ട് ' പദ്ധതി പ്രകാരം പ്രതിമാസം ആയിരം രൂപ വീതം പഠന സഹായം നൽകുന്നു.
കുട്ടിയുടെ പേരോ വ്യക്തിത്വമോ വെളിപ്പെടുത്താതെ എല്ലാ മാസവും ഒന്നിന് സഹായം നൽകും. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി, അർബുദ രോഗിയായ വിദ്യാർഥിനി, മാതാപിതാക്കൾ മരിച്ച വിദ്യാർഥിനി എന്നിവർക്കാണ് സഹായം നൽകുന്നത്. 12 അപേക്ഷകളിൽ നിന്നാണ് അഞ്ച് പേർക്ക് ആദ്യഘട്ടമായി നൽകിയത്.
സുമനസുകളുടെ സഹായത്താൽ ഏഴ് കുട്ടികൾക്ക് കൂടി ഉടനെ സഹായം നൽകും. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ ഒപ്പം പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ സ്ഥാപനങ്ങളുടെ രക്ഷാധികാരി കൂടിയായ കെ. വരദരാജൻ സ്നേഹാശ്രമത്തിനു കെഎസ്എഫ്ഇയുടെ വാഹനം ഉൾപ്പടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ആർ.ഡി. ലാൽ, ബി. സുനിൽകുമാർ, പള്ളിക്കൽ മോഹൻ എന്നിവർ പ്രസംഗിച്ചു. നാവായ്ക്കുളം ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥികൾ ചങ്ങാതികൂട്ടം 2000 പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.