സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയതില് പ്രതിഷേധം
1491046
Monday, December 30, 2024 6:29 AM IST
ചാത്തന്നൂർ: വഞ്ചിക്ലേമൻസിലെ സർക്കാർ വകഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറി സംസ്ഥാന സർക്കാർ. കോടികൾ വിലമതിക്കുന്ന വ്യവസായ വകുപ്പിന്റെ ഏക്കർ കണക്കിന് ഭൂമിയാണ് മതിൽകെട്ടി വേർതിരിച്ചു കൊണ്ട് സ്വകാര്യ വ്യവസായികൾക്ക് 90 വർഷത്തേക്കുള്ള പാട്ടകരാർ എന്ന പേരിൽ കൈമാറുന്നത്.
ഇതോടെ ചാത്തന്നൂർ ഗവ. ഐടിഐയുടെ ചിരകാല സ്വപ്നം പൊലിഞ്ഞു. നിലവിൽ സർക്കാർ ഐ ടി ഐയ്ക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും മാധ്യ ഭാഗത്തായി കിടക്കുന്ന ഒരേക്കർ വരുന്ന സ്ഥലം കൈമാറി. പെരുമ്പാവൂർ സ്വദേശിയായ വ്യവസായിനിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.ബാക്കിയുള്ള ഭൂമിയുടെയും കൈമാറ്റത്തിനുള്ള നടപടികൾ സർക്കാർ നടത്തി വരികയാണ്.
വ്യവസായ മന്ത്രിയുടെ ജില്ലയിലുള്ള സിപിഎം നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിക്കാണ്ഭൂമി കൈമാറിയത്. ഭൂമി സ്വകാര്യ വ്യക്തി അതിരുകൾ തിരിച്ച് മതിൽ കെട്ടി തിരിച്ചിട്ടും പഞ്ചായത്ത് അധികൃതരും, സ്ഥലം എം എൽ എ യും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.
ചാത്തന്നൂർ തോട് മണ്ണിട്ടുമൂടി
നീരുറവകളും കുളങ്ങളും മണ്ണിട്ട് നികത്തി കൊണ്ടാണ് നിർമാണപ്രവർത്തികൾ നടത്തുന്നത്. ഒരേക്കറോളം സ്ഥലത്ത് ഒരിക്കലും വറ്റാത്ത നീരുറവയും ചാത്തന്നൂർ തോടിന്റെ പ്രധാന നീരുറവയായ കുളവും നികത്തിയാണ് നിർമാണപ്രവർത്തികൾ നടത്തുന്നത്. സർക്കാർ അനുവദിച്ചതിൽ കൂടുതൽ ഭൂമി മണ്ണിട്ട് നികത്തിയതായി നാട്ടുകാർ ആരോപിക്കുന്നു.
വില്ലേജിൽ പരാതി നൽകിയിട്ടും അളക്കുന്നതിനോ മറ്റ് നടപടികൾ സ്വീകരിക്കുന്നതിനോ വില്ലേജ് അധികൃതർ തയാറാകുന്നില്ലെന്നാണ് എന്നാണ് നാട്ടുകാരുടെ പരാതി.