റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം : കുണ്ടറ പൗരസമിതി രാപകൽ സമരത്തിലേക്ക്
1491045
Monday, December 30, 2024 6:20 AM IST
കുണ്ടറ: കുണ്ടറയിലെ ഗതാഗത കുരുക്കിന് പരിഹാരമായി കുണ്ടറയിൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ പൗരസമിതിയുടെ നേതൃത്വത്തിൽ ജനുവരി 1, 2 തീയതികളിൽ കുണ്ടറ മുക്കടയിൽ രാപ്പകൽ സമരം നടത്തും.
മേൽപ്പാലങ്ങൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമരപരിപാടികൾ സംഘടിപ്പിച്ചു വരികയായിരുന്നു. 2012-13 മുതൽ ഇളമ്പള്ളൂരിലും പള്ളിമുക്കിലും മേൽപ്പാലങ്ങൾ നിർമിക്കുന്നതിലേക്ക് തുക വകയിരുത്തി വരികയായിരുന്നു.
നിർമാണത്തിനായി സർക്കാർ സർവേകളും അലൈൻമെന്റുകളും പൂർത്തിയാക്കി. വിവിധ ഏജൻസികളെ നിർമാണ ചുമതല ഏല്പിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം പരിശോധന നടത്തി. ഒന്നിലേറെ തവണ ഭരണാനുമതികൾ പുറപ്പെടുവിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നിട്ടും മേൽപ്പാലം നിർമാണം തുടങ്ങിയില്ല.
മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിനാലാണ് രാപ്പകൽ സമരത്തിന് തയാറെടുക്കുന്നത്. ഒന്നിന് വൈകുന്നേരം നാലിന് ഇളമ്പള്ളൂർ വേലുത്തമ്പി ദളവ സ്മാരകത്തിൽ നിന്ന് പ്രകടനമായി സമര സേനാംഗങ്ങൾ കുണ്ടറ മുക്കടയിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന രാപ്പകൽ സമരം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് കെ.ഒ. മാത്യു പണിക്കർ അധ്യക്ഷത വഹിക്കും. മിൽമ മുൻ ചെയർമാൻ കല്ലട രമേശ് മുഖ്യപ്രഭാഷണം നടത്തും.
രണ്ടിന് വൈകുന്നേരം അഞ്ചിന് കാഥികൻ വി. ഹർഷകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവൻ വേളിക്കാട്, പി. എം.എ റഹ്മാൻ, ബി. ശ്രീകുമാർ തുടങ്ങി സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ പ്രസംഗിക്കും.