മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന് അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു
1491043
Monday, December 30, 2024 6:20 AM IST
ചവറ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന് അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര വലിയത്ത് വീട്ടില്‍ കൃഷ്ണകുമാരിക്കാണ് (52) ഗുരുതരമായി പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് മകന് മനു മോഹനനെ (32) ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30- ഓടെയായിരുന്നു സംഭവം. പോലിസ് പറയുന്നത് : മനുമോഹന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കി അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പോലീസെത്തിയാണ് പലപ്പോഴും പ്രശ്നം പരിഹരിച്ചിരുന്നത്. പതിവ് പോലെ മനുമോഹന്‍ കൃഷ്ണകുമാരിയോട് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല.
പണം കിട്ടാത്തതിനെ തുടര്‍ന്ന് ഇയാള്‍ വഴക്കുണ്ടാക്കിയപ്പോള്‍ കൃഷ്ണകുമാരി സമീപത്തെ വീട്ടില്‍ അഭയം തേടി. മകന് പുറത്ത് പോയ സമയം ആഹാരം പാചകം ചെയ്യാനായി കൃഷ്ണകുമാരി എത്തിയ സമയം മദ്യപിച്ചെത്തിയ മനുമോഹന്‍ വീട്ടിനുള്ളില്‍ വച്ചിരുന്ന പിച്ചാത്തി ഉപയോഗിച്ച് കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു.
കൃഷ്ണകുമാരിയുടെ കവിളിലും വലതു കൈയ്ക്കുമാണ് വെട്ടേറ്റത്. വലതു കൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനേ പോലീസിനെ വിവരം അറിയിച്ചു.
സംഭവ സമയം ഇയാളുടെ അച്ഛന് വീട്ടിലുണ്ടായിരുന്നില്ല. പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിന് മനു മോഹനെതിരെ പോലീസ് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.