വ്യാജ ക്യൂആര്‍ കോഡ് ഒട്ടിച്ച് കാന്റീനില്‍ നിന്ന് പണം തട്ടി
1491041
Monday, December 30, 2024 6:20 AM IST
കൊല്ലം: ആശ്രാമത്ത് വ്യവസായ വകുപ്പിന്റെ കാന്റീനില്‍ ക്യൂആര്‍ കോഡ് തട്ടിപ്പ്. കാന്റീനിലെ ഓൺലൈൻ പേയ്മെന്റിന് ഉപയോഗിച്ചിരുന്ന പേടിഎം സ്റ്റിക്കറ്റിന് മുകളില്‍ മറ്റൊരു ക്യുആര്‍ കോഡ് ഒട്ടിച്ചാണ് പണം തട്ടിയത്.
കബളിപ്പിക്കപ്പെട്ടതിലെ ഞെട്ടലിലാണ് കാന്റീനിലെ വരുമാനം കൊണ്ട് മാത്രം കുടുംബം പോറ്റുന്ന അഞ്ച് സ്ത്രീകള്‍. സ്ഥിരമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നയാളാണ് ക്യൂആര്‍ കോഡിലെ മാറ്റം ശ്രദ്ധിച്ചത്. സ്കാന്‍ ചെയ്യുമ്പോള്‍ സാധാരണ സജിനി എന്ന പേരാണ് വന്നിരുന്നത്.
തട്ടിപ്പ് നടന്ന ദിവസം സ്കാന്‍ ചെയ്തപ്പോള്‍ ഫിറോസ് അബ്ദുള്‍ സലീം എന്നപേരാണ് വന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസിലായത്. തുടര്‍ന്ന് കാന്റീന് നടത്തിപ്പുകാരി സജിനി കൊല്ലം ഈസ്റ്റ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി സൈബര്‍ സെല്ലിലേക്ക് കൈമാറി. പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്.