പ്രത്യാശയുടെ തീർഥാടകരായി യാത്ര ചെയ്യാം: ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ
1491040
Monday, December 30, 2024 6:20 AM IST
പുനലൂർ: ജൂബിലി 2025 വർഷത്തിലേക്ക് പ്രത്യാശയുടെ തീർഥാടകരായി യാത്ര ചെയ്യാമെന്നും യേശുവിന്റെ സ്വപ്നസാക്ഷാത്കാരത്തിനു സാക്ഷികളാകാനും ദൈവ സ്നേഹത്തിൽ ഏകീകൃതരായി ഒരു കുടുംബമാകാനും കഴിയുമെന്ന് പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ.
പുനലൂർ സെന്റ് മേരിസ് കത്തീഡ്രലിൽ നടന്ന ജൂബിലി ഉദ്ഘാടന ദിവ്യബലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജൂബിലി വർഷം എല്ലാവരെയും ഉൾക്കൊണ്ട് സ്നേഹത്തിന്റേയും നീതിയുടെയും സത്യത്തിന്റേയും സംസ്കാരം രൂപപ്പെടുത്തി ഹൃദയ കവാടങ്ങൾ തുറന്ന് ദൈവത്തിന്റെ കൃപയും അനുഗ്രഹവും നേടണമെന്ന് ദിവ്യബലിയിൽ വചന സന്ദേശം നൽകിയ റവ. ഡോ. ജേക്കബ് പ്രസാദ് പറഞ്ഞു.
മോൺ. ജോസഫ് റോയി, റവ. ഡോ. റോയ് ബി. സിംസൺ, റവ. ഡോ. ക്രിസ്റ്റി ജോസഫ്, റവ. ഡോ. ജോൺസൺ ജോസഫ് എന്നിവർ സഹ കാർമികരായിരുന്നു.
മോൺ. സെബാസ്റ്റ്യൻ വാസ്, ഫാ. ജെസ്റ്റിൻ സഖറിയ, ഫാ. ഷിന്റോ, സിസ്റ്റർ ലാൻസി എന്നിവർ നേതൃത്വം നൽകി. പുനലൂർ രൂപതയിലെ വിവിധ ഇടവകകളിലെ വൈദികർ, സന്യസ്തർ, രൂപതാ അജപാലന സമിതി അംഗങ്ങൾ, ഫൊറോന സമിതി അംഗങ്ങൾ, വിവിധ ഇടവകകളിലെ അൽമായർ എന്നിവർ ബലിയർപ്പണത്തിൽ പങ്കെടുത്തു. പുനലൂർ രൂപത ചാൻസിലർ റവ.ഡോ.റോയി ബി സിംസൺ പ്രസംഗിച്ചു.