കൊല്ലം രൂപതയിൽ പ്രത്യാശയുടെ തീർഥാടന ജൂബിലിക്ക് ഭക്തിനിർഭരമായ തുടക്കം
1491037
Monday, December 30, 2024 6:20 AM IST
കൊല്ലം: കൊല്ലം രൂപതയിൽ പ്രത്യാശയുടെ തീർഥാടന ജൂബിലിക്ക് ഭക്തിനിർഭരമായ തുടക്കം. തങ്കശേരി ഹോളിക്രോസ് ദേവാലയത്തിൽ നടന്ന പ്രാരംഭ ചടങ്ങുകൾക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ജനറാൾ മോൺ. ഡോ. ബൈജു ജൂലിയൻ രൂപത മിനിസ്ട്രി കോ ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, രൂപത ചാൻസിലർ ഫാ. ജോൺ ജെറി ഐസക്, സെമിനാരി റെക്ടർ ഫാ. സീയോൻ ആൽഫ്രഡ് എന്നിവർ സഹകാർമികരായി. തുടർന്ന് ജൂബിലി വർഷത്തിൽ തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിക്കാനുള്ള വിശുദ്ധ കുരിശുമായുള്ള പ്രദക്ഷിണം നടത്തി.
ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. തുടർന്ന് കത്തീഡ്രലിൽ നടന്ന ജൂബിലി സമാരംഭ ദിവ്യബലിക്ക് ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു.
രൂപതയിലെ വൈദികർ സഹകാർമികരായി. കുടുംബങ്ങളിൽ വിശ്വാസവും പ്രത്യാശയും വളർത്തേണ്ടതുണ്ടെന്ന് ബിഷപ് ഓർമിപ്പിച്ചു. ജൂബിലി വർഷത്തിന് വിവിധങ്ങളായ കർമപരിപാടികൾ രൂപതയിൽ നടത്താനുള്ള രൂപരേഖകൾ തയാറായി.