അരിപ്പയില്‍ കാട്ടുപന്നി കുറുകെ ചാടി : കാര്‍ നിയന്ത്രണം വിട്ട് റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
1491036
Monday, December 30, 2024 6:20 AM IST
മടത്തറ: വളവ് തിരിയവേ കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ റബര്‍ തോട്ടത്തില്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചയോടെ മലയോര ഹൈവേയില്‍ അരിപ്പ അമ്മ അമ്പലം വളവിലായിരുന്നു അപകടം.
വെമ്പായം സ്വദേശികളായ അഞ്ച് കോളജ് വിദ്യാര്‍ഥികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരെ പരിക്കുകളോടെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൗഫീഖ്, ആഷിക്, ശരത് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നു ചിതറ പോലീസ് പറഞ്ഞു.
കൊടൈക്കനാൽ ട്രിപ്പ് കഴിഞ്ഞു മടങ്ങിവരവേയാണ് അപകടം. പാതയോട് ചേര്‍ന്നുള്ള വനത്തില്‍ നിന്ന് റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയാണ് അപകടം ഉണ്ടാക്കിയത്. ഈഭാഗത്ത് പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ഇതിനാല്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് പ്രഭാതസവാരി പോലും പലരും ഒഴിവാക്കിയതായി നാട്ടുകാര്‍ പറയുന്നു. ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറുകയാണ്.