ഇന്ത്യ അംബേദ്കറെ അധിക്ഷേപിക്കുന്ന രാജ്യമായി മാറി: എം.വി. ഗോവിന്ദൻ
1490832
Sunday, December 29, 2024 6:24 AM IST
കൊല്ലം: ഭരണഘടന തയാറാക്കിയവരെയും മഹത്തായ ഭരണഘടനയെയും അംഗീകരിക്കാൻ സംഘപരിവാർ തയാറല്ലെന്നും അതാണ് ഡോ. അംബേദ്ക്കറെ അധിക്ഷേപിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറാനുള്ള കാരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സിപിഎം പാർട്ടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് ചേരുന്ന സംസ്ഥാന സമ്മേളന ഭാഗമായ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ലഭിച്ച് ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്മൃതിയിലും ചാതുർവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയും അഹങ്കരിക്കുകയും ചെയ്യുകയാണ് സംഘപരിവാർ. വർഗപരമായി ബിജെപിയും കോൺഗ്രസും ഒരേപോലെ പ്രവർത്തിക്കുന്നു. വർഗീയ ധ്രുവീകരണം ബിജെപി നടത്തുമ്പോൾ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഓരോ ഘട്ടത്തിലും എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാണ് പാർട്ടി കോൺഗ്രസും നടന്നിട്ടുള്ളത്. ഒന്നാം പാർട്ടി കോൺഗ്രസ് മുതൽ ഫലപ്രദമായ നിലപാടുകളാണ് രാജ്യത്തിന് മുന്നിൽ വച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.