ലോഡിംഗ് തൊഴിലാളിയുടെ കൊലപാതകം : പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
1490830
Sunday, December 29, 2024 6:24 AM IST
കൊല്ലം: ലോഡിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കൊല്ലം നാലാം അഡീഷണൽ സെഷൻ കോടതി ജഡ്ജി എസ്. സുഭാഷ്.
ഇട്ടിവ വെളിന്തുറ മഞ്ജുവിലാസത്തിൽ ഉണ്ണികൃഷ്ണനാണ് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. ലോഡിംഗ് തൊഴിലാളിയായ ഇട്ടിവ തുടയന്നൂര് കുതിരപ്പാലം പൊന്നംകോട്ടു വീട്ടില് രാധാകൃഷ്ണപിള്ള (56-കമലന്) യെ 2019 മെയ് 12ന് രാത്രി 7.30ന് കടയ്ക്കൽ തുടയന്നൂർ വിളന്തറയിൽ ഉണ്ണികൃഷ്ണനും പിതാവ് ശശിധരൻ പിള്ളയും ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ പുഷ്പയുടെ കൈയ്ക്ക് ഗുരുതരമായി പരുക്ക് പറ്റി. പരിക്കേറ്റ പുഷ്പയുടെ മുന്നിൽ വച്ചാണ് രാധാകൃഷ്ണപിള്ളയുടെ കഴുത്തിലും നെഞ്ചിലുമായി ഏഴോളം ആഴത്തിലുള്ള മുറിവുകൾ ഏല്പിച്ചത്. രാധാകൃഷ്ണപിള്ളയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ ഭാര്യ പുഷ്പയെ ആക്രമിച്ചു പരിക്കേല്പിച്ചതിന് പ്രതി രണ്ടുവർഷം കൂടി അധികം ശിക്ഷ അനുഭവിക്കണം.
പിഴത്തുകയായ രണ്ടു ലക്ഷം രൂപ രാധാകൃഷ്ണപിള്ളയുടെ വിധവ പുഷ്പയ്ക്ക് നൽകാനാണ് വിധി. തെളിവുകളുടെ അഭാവത്തിൽ രണ്ടാംപ്രതി ശശിധരൻപിള്ളയെ വെറുതെ വിട്ടു.
കടയ്ക്കൽ എസ്ഐ ആയിരുന്ന ഇ.എം.സജീർ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കടക്കൽ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന തൻസീം അബ്ദുൽ സമദ്, എം.രാജേഷ് എന്നിവരായിരുന്നു. ആറുമാസം നീണ്ട വിചാരണയ്ക്കൊടുവിൽ അന്തിമ വാദം തവണ കേട്ട ശേഷമാണ് വിധി പറഞ്ഞത്. കോടതിയിൽ 19 സാക്ഷികളെ വിസ്തരിക്കുകയും 18 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു.