ദേശീയപാതയില്‍ സംയുക്ത പരിശോധന നടത്തും: ജില്ലാ വികസന സമിതി
1490829
Sunday, December 29, 2024 6:24 AM IST
കൊല്ലം: ജില്ലയില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ അലക്ഷ്യമായി വലിയ പൈപ്പുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇടുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം.
പോലീസ്, എന്‍ഫോഴ്സ്മെന്റ് ,ആര്‍ടിഒ എന്നിവര്‍ സംയുക്ത പരിശോധന നടത്തി നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കാനും തുടര്‍നടപടി സ്വീകരിച്ചില്ലെങ്കില്‍ കേസ് എടുക്കാനും നിര്‍ദേശം നല്കി. ആവശ്യമായ സുരക്ഷാ ബോര്‍ഡുകള്‍, റിഫ്ളക്ടറുകള്‍ എന്നിവ സ്ഥാപിച്ച് റോഡ് സുരക്ഷ ഉറപ്പാക്കാൻ നിര്‍ദേശിച്ചു.
റോഡിന്റെ മധ്യഭാഗങ്ങളില്‍ പോലും അലക്ഷ്യമായി വസ്തുക്കള്‍ ഇറക്കി അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കാന്‍ എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്, ഡോ. സുജിത്ത് വിജയന്‍പിള്ള, എംപിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ജില്ലയില്‍ കെഎസ്ആർടിസി, ടിപ്പര്‍ വാഹനങ്ങളുടെ മത്സരയോട്ടം അവസാനിപ്പിക്കാന്‍ ആര്‍ടിഒയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആവശ്യപ്പെട്ടു. ശാസ്താംകോട്ട- ഭരണിക്കാവ് റൂട്ടിലുള്ള ടോറസ് വാഹനങ്ങളുടെ ഗതാഗതം പുതിയകാവ് വഴി തിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞു. മൈനാഗപ്പള്ളി കള്‍വെര്‍ട്ടിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
ചവറയില്‍ ഉണ്ടായ കുടിവെള്ള പ്രശ്നം പോലുള്ള സംഭവങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിന് സമഗ്രമായ സംവിധാനം ഉണ്ടാകണമെന്ന് ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു. ചവറ പാലത്തിന് സമാന്തരമായ നടപ്പാലം അറ്റകുറ്റപ്പണി നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ശാസ്താംകോട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മാണം നിലച്ച ബഹുനില കെട്ടിടത്തിന്റെ കരാറുകാരനെ നീക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളിലും ഗുണനിലവാര പരിശോധന നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് ആവശ്യപ്പെട്ടു.
കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടറെ നിയമിക്കണമെന്നും മുഴുവന്‍ സമയം 108 ആംബുലന്‍സ് സംവിധാനം ഒരുക്കണമെന്നും മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി എസ്. ബുഹാരി ആവശ്യപ്പെട്ടു. വീടുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന കറി പൗഡറുകളിലെ അമിതമായ രാസവസ്തുക്കളുടെ ഉപയോഗം മാരകരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ വിപണിയില്‍ കര്‍ശന പരിശോധന നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
കൊല്ലം- ചെങ്ങന്നൂര്‍ വേണാട് കെഎസ്ആർടിസി സര്‍വീസ് മുന്‍കാലങ്ങളില്‍ നടത്തിയത് പോലെ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തണമെന്നും കൊട്ടാരക്കരയില്‍ പുതിയതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തില്‍ കെട്ടിടം ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കണമെന്നും ആവശ്യമുയർന്നു.
കരുനാഗപ്പള്ളിയിലെ സുനാമി കോളനിയുടെ അപകടാവസ്ഥയ്ക്ക് പരിഹാരമായി പുലിമുട്ട് നിര്‍മാണം അടിയന്തരമായി നടത്തുന്നതിന് നടപടി വേണമെന്നും കോളനികളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ഓച്ചിറ സിഎച്ച് സിയില്‍ കിടത്തി ചികിത്സ പുനഃസ്ഥാപിക്കണം.
കെഐപി കനാല്‍ വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും കുടിവെള്ള പൈപ്പുകളുടെ നവീകരണം സമയബന്ധിതമായി നടത്തണമെന്നും അഞ്ചല്‍ ടൗണിലും മാര്‍ക്കറ്റ് ജംഗ്ഷൻ റോഡിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക, അടച്ചിട്ടിരിക്കുന്ന അഞ്ചല്‍ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നീക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
ജില്ലയുടെ വികസനത്തിന് സമഗ്ര ദിശാബോധം നല്കുന്ന ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കരട് അധ്യായത്തിന്റെ പരിഷ്ക്കരിച്ച റിപ്പോര്‍ട്ട് ജനുവരി മൂന്നിനകം സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അറിയിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരളം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനായി ജനുവരി ഒന്ന് മുതല്‍ ഏഴുവരെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓഫീസുകളിലും വിവിധ വകുപ്പുകളും കാമ്പയിന് രീതിയില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും നിര്‍ദേശം നല്കി.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനും എം.ടി .വാസുദേവന്‍ നായര്‍ക്കും അനുശോചനത്തോടെയാണ് യോഗം തുടങ്ങിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.