ഏരൂരിലെ അനധികൃത പ്ലാന്റിന് അനുമതി നല്കാന് അണിയറ നീക്കം
1490826
Sunday, December 29, 2024 6:24 AM IST
പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ച നടത്താതെ അജണ്ട മാറ്റി
അഞ്ചല്‍: പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഏരൂര്‍ പഞ്ചായത്തിലെ നീരാറ്റുതടത്തിലെ അനധികൃത ചിക്കൻ റണ്ടറിംഗ് പ്ലാന്റിന് അനുമതി നല്കാന് അണിയറ നീക്കം സജീവം. കഴിഞ്ഞദിവസം ചേര്‍ന്ന ഏരൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ തീരുമാനമെടുക്കാൻ അജണ്ട വച്ചെങ്കിലും സിപിഎമ്മില്‍ നിന്നുമടക്കം പ്രതിഷേധം ഉയര്‍ന്നതോടെ അജണ്ട മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് പ്ലാന്റിനോട് ചേര്‍ന്ന പന്നി ഫാമിന്റെ മറവില്‍ വന്‍തോതില്‍ ഇറച്ചി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും ഇതില്‍ നിന്നുള്ള മലിനജലം കുടിവെള്ള സ്രോതസുകളിലേക്ക് ഉള്‍പ്പടെ ഒഴുകിയിറങ്ങുകയും ചെയ്തതോടെയാണ് ഗുരുതര നിയമലംഘനവും അനധികൃത നെയ്യുരുക്ക് ഫാക്ടറിയുടെ കഥകളും ഉള്‍പ്പടെ പുറം ലോകം അറിഞ്ഞത്.
പിന്നീട് എംഎല്‍എ, ജില്ലാ കളക്ടര്‍, ആര്‍ഡിഒ ഉള്‍പ്പടെ സ്ഥലത്തെത്തിയിരുന്നു. ഇതിനിടയിലാണ് ചിക്കന്‍ റണ്ടറിംഗ് എന്ന പേരില്‍ നീരാറ്റുതടത്തില് കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച കൂറ്റന്‍ പ്ലാന്റ് നാട്ടുകാര്‍ കാണുന്നത്. പഞ്ചായത്തിന്റെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ അനുമതിയില്ലാതെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ കണ്ടെത്തി.
സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഗുരുതര നിയമ ലംഘനം നേരില്‍ മനസിലാക്കി. ജില്ലാ കളക്ടര്‍ അനുമതി നൽകിയെന്ന വ്യാജേനെയാണ് വൈദ്യുതി പോലും ലഭിക്കാത്ത ഇവിടെ വലിയ ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തനം നടന്നു വന്നത്.
ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതോടെ ഈവാദം പൊളിഞ്ഞു. മാത്രമല്ല കോഴി ഇറച്ചി മാലിന്യ സംസ്കരണ പ്ലാന്റ് എന്ന വ്യാജേന ഇവിടെ വ്യാജ നെയ്യുരുക്കാണ് നടക്കുന്നതെന്ന നാട്ടുകാരുടെ വാദം ശരിവയ്ക്കും വിധമുള്ള തെളിവുകള്‍ കൂടി കണ്ടെത്തിയതോടെ ജില്ലാ കളക്ടര്‍ ശക്തമായ നടപടികളിലേക്ക് കടന്നു.
ഇതോടെയാണ് പ്ലാന്റ് പ്രവര്‍ത്തനം നിലച്ചത്. അന്ന് പഞ്ചായത്ത്, ഓയില്‍പാം, വനം വകുപ്പ് അധികൃതര്‍ക്ക് ഗുരുതര വീഴ്ച കണ്ടെത്തിയ ജില്ലാ കളക്ടര്‍ പഞ്ചായത്ത് സ്വന്തം ചെലവില്‍ സമീപത്തെ പന്നി ഫാമില്‍ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഒരു ഉത്തരവും നടപ്പാക്കാതെ പഞ്ചായത്ത് ഇപ്പോള്‍ പ്ലാന്റിന് അനുമതി നാല്‍കാനുള്ള നീക്കത്തിലാണ്. പന്നിഫാമിലെ മാലിന്യം നീക്കം ചെയ്യാന്‍ ഒരു കുഴി മാത്രമാണ് എടുത്തിട്ടുള്ളത്. മാലിന്യം ഇപ്പൊഴും ഇവിടെ കുന്നുകൂടി കിടപ്പുണ്ട്. പ്ലാന്റിന് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിപക്ഷത്തുള്ള ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലേ സിപിഎമ്മില്‍ നിന്നുകൂടി ഇപ്പോള്‍ പ്രതിഷേധം ഉയരുകയാണ്.
അജണ്ട തീരുമാനിച്ചത് പോലും തങ്ങള്‍ അറിയാതെയാണെന്ന് സിപിഎം വൃത്തങ്ങള്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ സമവായം എത്തിയതിന് ശേഷം മാത്രം പ്ലാന്റിന് അനുമതി നല്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.
അതേസമയം പ്ലാന്റിന് അനുമതി നല്‍കാനുള്ള പഞ്ചായത്ത് നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വന്‍ സാമ്പത്തിക ഇടപാട് ഇതിന് പിന്നിലുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.