അകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരി മരിച്ചു
1490649
Saturday, December 28, 2024 10:57 PM IST
കൊല്ലം: പതിനാറുകാരൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന അറുപത്തിമൂന്നുകാരി മരിച്ചു. മുണ്ടക്കൽ വെസ്റ്റ് മേരാ നഗർ 4 കെയിൽ കുന്നത്ത് വീട്ടിൽ ലാൽപ്രസാദിന്റെ ഭാര്യ എസ്. സുശീല (63) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നുഅന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞു വീട്ടിലേക്കു മടങ്ങാൻ റോഡ് മുറിച്ചുകടക്കുമ്പോൾ മുണ്ടയ്ക്കൽ പാലത്തിനു സമീപത്തുനിന്ന് അമിതവേഗത്തിലെത്തിയ സ്കൂട്ടർ സുശീലയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്കു വീണ സുശീലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്നു സുശീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന കൗമാരക്കാരൻ സ്ഥലംവിട്ടു. അപകടത്തിനിടയാക്കിയ സ്കൂട്ടർ നിരീക്ഷണ കാമറകളിൽനിന്നു പോലീസ് തിരിച്ചറിയുകയായിരുന്നു.
സ്കൂട്ടർ ഓടിച്ചിരുന്ന തില്ലേരി സ്വദേശിയായ കൗമാരക്കാരനെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിട്ടയച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മുണ്ടയ്ക്കൽ സ്വദേശി ശാന്തയ്ക്കും പരിക്കേറ്റിരുന്നു. സുശീലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
മക്കൾ: പി. പ്രമോദ് (അഡ്മിനിസ്ട്രേറ്റർ, ജെഎസ്എം ഹോസ്പിറ്റൽ,ചാത്തന്നൂർ), പി. വിനോദ് (ബിസിനസ്). മരുമക്കൾ: ദിവ്യ കെ. സോമൻ (എച്ച്ആർ മാനേജർ, മാങ്കുന്നം ഹോസ്പിറ്റൽ, കല്ലുവാതുക്കൽ), ആതിര സലീം.