തോക്ക് ഉള്‍പ്പെടെ ആയുധങ്ങളുമായി ഒരാള്‍ പിടിയില്‍
1490473
Saturday, December 28, 2024 6:12 AM IST
തെന്മല: ലൈസന്‍സില്ലാത്ത തോക്കും ഗൂർഖ കത്തികള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ഒരാളെ തെന്മല പോലീസ് പിടികൂടി. ഒറ്റക്കല്‍ പാറവിള വീട്ടില്‍ തമ്പിയെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ തമ്പി വാടകയ്ക്ക് താമസിക്കുന്ന ഇടമണ്‍ എല്‍പി സ്കൂളിന് സമീപത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
നാടൻ തോക്ക്, വെടി മരുന്ന്, തിരകൾ, ഗൂർഖ കത്തികള്‍, എന്നിവയാണ് പോലീസ് കണ്ടെത്തിയത്. കൊളമ്പി തമ്പി എന്നറിയപ്പെടുന്ന തമ്പി അബ്കാരി കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ തമ്പിയെ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആയുധ നിരോധന നിയമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് ആലോചിക്കുന്നുണ്ട്. ഇയാള്‍ വന്യമൃഗ വേട്ടയുള്പ്പടെ നടത്തിയോ എന്നതിൽ അന്വേഷണം നടക്കുകയാണ്. അതിനാൽ വനം വകുപ്പ് അന്വേഷണം നടത്തിയേക്കും.