കാസർഗോഡ് ഗവ.മെഡിക്കൽ കോളജ്: ഈ വർഷം അനുമതി ലഭിക്കില്ലെന്ന് സൂചന
1540356
Monday, April 7, 2025 1:06 AM IST
കാസർഗോഡ്: ഉക്കിനടുക്കയിലെ ഗവ.മെഡിക്കൽ കോളജിൽ ഈ വർഷം എംബിബിഎസ് കോഴ്സ് തുടങ്ങാനുള്ള നീക്കങ്ങൾ ഫലം കാണില്ലെന്ന് സൂചന. ഈ വർഷം സർക്കാർ തലത്തിൽ പുതിയ മെഡിക്കൽ കോളജുകൾ അനുവദിക്കുന്നില്ലെന്നും പകരം നിലവിലുള്ള കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചതായാണ് വിവരം.
ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസ് കോഴ്സ് തുടങ്ങുന്നതിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടുണ്ടെങ്കിലും അതിനുള്ള പരിശോധനകൾക്കായി നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) സംഘം ഇതുവരെ എത്തിയിട്ടില്ല. മെഡിക്കൽ കോളജിന്റെ കെട്ടിടം പൂർത്തിയായിട്ടുണ്ടെങ്കിലും ക്ലാസുകൾ തുടങ്ങാനാവശ്യമായ ഫർണിച്ചറുകളോ ലാബ് സൗകര്യമോ ലൈബ്രറിയോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഒന്നും ഇതുവരെ സജ്ജമായിട്ടില്ല.
ഇതിനായി കാസർഗോഡ് വികസന പാക്കേജിൽ നിന്നോ എംപി ഫണ്ടിൽ നിന്നോ തുക കണ്ടെത്താൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഈ വർഷം അനുമതി ലഭിക്കാനിടയില്ലെന്ന വിവരം പുറത്തുവന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങുന്നതിനു മുമ്പ് എൻഎംസി സംഘം എത്തിയാലും ഈ വർഷം അനുമതി ലഭിക്കുന്ന കാര്യം സംശയത്തിലായിരുന്നു.
ഇനി മിക്കവാറും എൻഎംസി സംഘം വരുമോ എന്ന കാര്യം പോലും സംശയമാണ്. കാസർഗോഡ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയായി പുനർനാമകരണം ചെയ്യുകയും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ നിന്നുള്ള ഡോക്ടർമാരെ ഇവിടേക്ക് നിയോഗിക്കുകയും ചെയ്തതു മാത്രമാണ് മെഡിക്കൽ കോളജിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ള ഗണ്യമായ പുരോഗതി.
ഈ വർഷം എംബിബിഎസ് കോഴ്സ് ആരംഭിക്കാൻ അനുമതി ലഭിച്ചാൽ ഇവിടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഈ വർഷം ക്ലാസുകൾ തുടങ്ങാനാവില്ലെന്നു വരുന്നതോടെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഇവിടേക്ക് നിയോഗിച്ച ഡോക്ടർമാരെ തിരിച്ചയക്കുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.