എട്ടാം ക്ലാസിൽ പിന്നിലായ കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾക്ക് തുടക്കമായി
1541001
Wednesday, April 9, 2025 1:50 AM IST
കാസർഗോഡ്: മിനിമം മാർക്കും ഗ്രേഡും നിർബന്ധമാക്കിയ പുതിയ മൂല്യനിർണയ രീതി പ്രകാരം ജില്ലയിൽ എട്ടാംക്ലാസ് പരീക്ഷയിൽ ഇ ഗ്രേഡിലേക്ക് പിന്തള്ളപ്പെട്ടത് 13,606 കുട്ടികൾ. ഇത് ആകെ പരീക്ഷയെഴുതിയ കുട്ടികളുടെ എട്ടു ശതമാനത്തോളമാണ്. എന്നാൽ, പുതിയ മൂല്യനിർണയരീതി പ്രകാരം ഇവരെ പരാജയപ്പെട്ടവരായി കണക്കാക്കില്ല. ഇവർക്കായി വീണ്ടും 10 ദിവസത്തെ പ്രത്യേക ക്ലാസും പരീക്ഷയും സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇതുപ്രകാരമുള്ള പ്രത്യേക ക്ലാസുകൾക്ക് ഇന്നലെ തുടക്കമായി. അതതു കുട്ടികൾ ഇ ഗ്രേഡിലേക്ക് പിന്തള്ളപ്പെട്ട വിഷയങ്ങളിൽ മാത്രമായിരിക്കും പ്രത്യേക ക്ലാസുകൾ നല്കുക. വിഷു-ഈസ്റ്റർ ആഘോഷങ്ങൾക്കിടയിൽ കുട്ടികളും അധ്യാപകരും കുടുംബവീടുകളിലേക്കും മറ്റിടങ്ങളിലേക്കും യാത്രകൾ നടത്താൻ തയാറെടുക്കുന്നതിനിടയിൽ തന്നെ പ്രത്യേക ക്ലാസുകൾ വച്ചത് രണ്ടു ഭാഗങ്ങളിൽനിന്നും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഈയാഴ്ച നാലുദിവസവും വരുന്ന ആഴ്ച വിഷു-ഈസ്റ്റർ അവധിദിനങ്ങൾക്കിടയിൽ രണ്ടുദിവസവും തുടർന്നുള്ള ആഴ്ചയിൽ നാലുദിവസവുമാണ് ഇ ഗ്രേഡ് നേടിയ എട്ടാംക്ലാസ് വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസുകൾ നടത്തുക. 24നു ക്ലാസുകൾ അവസാനിച്ച ശേഷം 25 മുതൽ 28 വരെ തീയതികളിലായി ഇവർക്ക് പ്രത്യേക പരീക്ഷകൾ നടത്തും. ഈ പരീക്ഷയിലും ഇവരുടെ ഗ്രേഡ് മെച്ചപ്പെടുന്നില്ലെങ്കിൽ ഇവരെ ഒന്പതാം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും ആദ്യത്തെ രണ്ടാഴ്ചക്കാലം വീണ്ടും പ്രത്യേക പഠനപരിശീലനം നല്കും.
ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ സ്കൂളുകളിലും ബന്ധപ്പെട്ട രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം വിളിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതൽ 12.30 വരെയാണ് പ്രത്യേക ക്ലാസുകൾ നടക്കുക.
ഹൈസ്കൂൾ വിഭാഗത്തിലെ നല്ലൊരു ശതമാനം അധ്യാപകരും എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകളിലായതിനാൽ ബിഎഡ് യോഗ്യതയുള്ള പ്രൈമറി സ്കൂൾ അധ്യാപകരെയും ഈ ക്ലാസുകൾക്കായി നിയോഗിക്കാമെന്നാണ് സർക്കാരിന്റെ നിർദേശം. അതേസമയം ഗസ്റ്റ് അധ്യാപകരെ നിയോഗിച്ചാൽ അവർക്കുള്ള പ്രതിഫലം മിക്കവാറും പിടിഎ നല്കേണ്ടിവരും.
ഈ വർഷം എട്ടാം ക്ലാസ് പരീക്ഷയിൽ മാത്രമാണ് മിനിമം മാർക്കും ഗ്രേഡും നിർബന്ധമാക്കിയ പുതിയ മൂല്യനിർണയ രീതി നടപ്പാക്കുന്നത്. അടുത്ത വർഷം ഒൻപതിലും തുടർന്ന് പത്താംക്ലാസിലും ഇതേ രീതി ബാധകമാക്കാനാണ് തീരുമാനം.
എസ്എസ്എൽസി
മൂല്യനിർണയ ക്യാമ്പുകൾ 26നു സമാപിക്കും
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയടെ മൂല്യനിർണയ ക്യാമ്പുകൾ 26ന് സമാപിക്കും. ജില്ലയിൽ തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസ് (ഇംഗ്ലീഷ്, ബയോളജി), ചായ്യോത്ത് ജിഎച്ച്എസ്എസ് (മലയാളം രണ്ടാം പേപ്പർ, ഫിസിക്സ്, കെമിസ്ട്രി), പിലിക്കോട് ജിഎച്ച്എസ്എസ് (സാമൂഹ്യശാസ്ത്രം, ഹിന്ദി), തളങ്കര ജിവിഎച്ച്എസ്എസ് (മലയാളം ഒന്നാം പേപ്പർ, കണക്ക്), കാസർഗോഡ് ബിഇഎം ഹൈസ്കൂൾ (കന്നഡ) എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടക്കുന്നത്. അനുബന്ധജോലികൾ പൂർത്തിയാക്കി മേയ് രണ്ടാംവാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.