തൊഴിലുറപ്പ് പദ്ധതി ശില്പശാല നടത്തി
1540665
Tuesday, April 8, 2025 12:55 AM IST
പരപ്പ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്തുകളുടെ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് മഴവെള്ള കൊയ്ത്ത് വർഷാമൃതം എന്ന പരിപാടി നടപ്പിലാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തന മേഖലയിൽ മികച്ച മുന്നേറ്റം നടത്തിയ പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു പനത്തടി, കള്ളാർ, കിനാനൂർ-കരിന്തളം എന്നീ പഞ്ചായത്തുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനു അർഹയായി.ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ എന്നീ പഞ്ചായത്തുകൾ 2023-24 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ നൂറു തൊഴിൽ ദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
2024 25 വർഷത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകി കോടോം-ബേളൂർ പഞ്ചായത്തും കേരള സർക്കാരിന്റെ ട്രൈബൽ പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങളിൽ പനത്തടി പഞ്ചായത്തും മഴവെള്ള കൊയ്ത്ത് മേഖലയിൽ കിനാനൂര്-കരിന്തളം പഞ്ചായത്തും മികച്ച പ്രകടനം നടത്തി. 2024-25 സാമ്പത്തിക വർഷത്തെ മികച്ച ഡോക്യുമെന്റേഷൻ ആയി വെസ്റ്റ് എളേരി പഞ്ചായത്തും രണ്ടാമതായി ബളാൽ പഞ്ചായത്തിനെയും തെരഞ്ഞെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ജോസഫ് മുത്തോലി, ടി.കെ.നാരായണൻ, ടി.കെ.രവി, പ്രസന്ന പ്രസാദ്, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.എ. സുഹാസ് സ്വാഗതവും ജോയിന്റ് ബിഡിഒ കെ.ജി.ബിജുകുമാർ നന്ദിയും പറഞ്ഞു.