ആഫ്രിക്കന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ കപ്പല്‍ജീവനക്കാര്‍ സുരക്ഷിതരെന്ന് വിവരം
1540241
Sunday, April 6, 2025 7:16 AM IST
കാസര്‍ഗോഡ്: ദേശീയ കപ്പലോട്ട ദിനത്തില്‍ ആശ്വാസ വാര്‍ത്ത. ആഫ്രിക്കയില്‍ കടല്‍ കൊള്ളക്കാര്‍ ബന്ദികളാക്കിയ കാസര്‍ഗോഡ് പള്ളിക്കര അമ്പങ്ങാട്ടെ രജീന്ദ്രന്‍ ഭാര്ഗവന് (35) ഉള്‍പ്പെടെയുള്ള കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.
രജീന്ദ്രന്റെ കുടുംബത്തെ ഫോണില്‍ വിളിച്ചാണ് പനാമയിലെ ബിറ്റു റിവര്‍ കമ്പനി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ലെന്നും ഇവരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് കമ്പനിയില്‍ നിന്നും ലഭിച്ച വിവരം.
കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ ഉണ്ടായിരുന്ന രജീന്ദ്രന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. കപ്പല്‍ ജീവനക്കാരെ കടല്‍കൊള്ളക്കാര്‍ ബന്ദികളാക്കിയിട്ട് 18 ദിവസം പൂര്‍ത്തിയായി. മാര്‍ച്ച് 17ന് രാത്രിയാണ് പശ്ചിമ ആഫ്രിക്കന്‍ തീരത്തുനിന്ന് കാമറൂണിലെ ഡുവാല തുറമുഖത്തേക്ക് ബിറ്റുമിനുമായി പോയ ബിറ്റു റിവര്‍ കപ്പലില്‍നിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.
രജീന്ദ്രന്‍ തന്റെ കുഞ്ഞിനെ കാണാന്‍ ഉടന്‍ എത്തുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഏപ്രില്‍ ഒന്നിനാണ് രജീന്ദ്രന്‍ പെണ്‍കുഞ്ഞ് പിറന്നത്.
കപ്പലിലെ പാചകത്തൊഴിലാളിയായ രജീന്ദ്രനെ കൂടാതെ ലക്ഷദ്വീപ് സ്വദേശി ആസിഫ് അലി, തമിഴ്നാട് സ്വദേശികളായ പ്രദീപ് മുരുകന്, സതീഷ് കുമാര്‍ സെല്‍വരാജ്, ബിഹാര്‍ സ്വദേശി സന്ദീപ്കുമാര്‍ സിംഗ്, മഹാരാഷ്ട്ര സ്വദേശികളായ സമീന്‍ ജാവീദ്, സോള്‍ക്കര്‍ റിഹാന് ഷബീര്‍ എന്നിവരെയും മൂന്നു റുമേനിയന്‍ സ്വദേശികളെയുമാണ് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.