കിളികളും കൂളാവട്ടെ: ദാഹജലവും ധാന്യങ്ങളുമൊരുക്കിവച്ച് കുട്ടികൾ
1540362
Monday, April 7, 2025 1:06 AM IST
ആയന്നൂർ: കത്തിയാളുന്ന വേനലിൽ കിളികൾക്കും ചെറുജീവികൾക്കുമായി ദാഹജലവും വിശപ്പകറ്റാൻ ധാന്യങ്ങളും ഒരുക്കിവച്ച് ആയന്നൂരിലെ കുട്ടികൾ. ആയന്നുർ യുവശക്തി പബ്ലിക് ലൈബ്രറി ബാലവേദി ആരംഭിച്ച കിളികളും കൂളാവട്ടെ എന്ന പരിപാടിയുടെ ഭാഗമായാണ് ലൈബ്രറി പരിസരത്തും കുട്ടികളുടെ വീടുകളിലുമായി തൂക്കിയിട്ട പരന്ന മൺപാത്രങ്ങളിൽ ദാഹജലവും ഗോതമ്പും അരിയും ചെറുധാന്യങ്ങളും ഒരുക്കിവച്ചത്.
പുതുതലമുറയിൽ സഹജീവി സ്നേഹത്തിന്റെ ചിന്തകൾ ഉണർത്തിക്കൊണ്ട് തുടർച്ചയായ രണ്ടാം വർഷമാണ് ലൈബ്രറിയിലെ ബാലവേദി പ്രവർത്തകർ അവധിക്കാല വായനശാലയ്ക്കൊപ്പം കിളികൾക്കായി കുടിനീരും കരുതലും ഒരുക്കുന്നത്.
ബാലവേദി പ്രവർത്തക അൻഷിക അനീഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദിയ തോമസ്, ലക്ഷ്മിപ്രിയ, നന്ദന, ശ്രേയ, ശരൺ കൃഷ്ണ എന്നിവർ നേതൃത്വം നല്കി.
കുടിനീർ വയ്ക്കുന്നതിനായി കണ്ടെത്തിയ ഇടം, ഒരുക്കുന്ന മൺചട്ടികൾ, നിരീക്ഷണം എന്നിവ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നല്കുന്നുണ്ട്.